കുതിപ്പ് തുടർന്ന് കെ.എസ്.ആർ.ടി.സി: ഓണം കഴിഞ്ഞും റെക്കോഡ് വരുമാനം
text_fieldsഎറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് - രതീഷ് ഭാസ്കർ
കൊച്ചി: കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോക്ക് ചരിത്ര നേട്ടത്തിന്റെ ദിവസമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. ഓണം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തിദിനത്തിൽ ഡിപ്പോയുടെ വരുമാനം ലക്ഷ്യം മറികടന്ന് 29.88 ലക്ഷത്തിലെത്തി. 29,88,679 രൂപയാണ് ഒറ്റദിവസം കൊണ്ട് ഓടി നേടിയത്. പ്രതിദിന വരുമാനത്തിൽ 116.07 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. 25,10,000 രൂപ ലക്ഷ്യമിട്ട സ്ഥാനത്താണ് വരുമാനം 29.88 ലക്ഷം കവിഞ്ഞത്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവിസുകൾ നടത്തിയും ട്രിപ്പുകളുടെ കാര്യത്തിൽ സമയനിഷ്ഠ പാലിച്ചുമാണ് എറണാകുളം ഡിപ്പോ അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്. ഡിപ്പോയിൽ നിന്നുള്ള ആകെ സർവിസുകളുടെ എണ്ണം 83 ആണ്. യാത്രക്കാരുടെ വർധിച്ച തിരക്ക് കണക്കിലെടുത്ത് 31ാം തീയതി 95 സർവിസുകൾ നടത്തി. അവധി കഴിഞ്ഞ് മടങ്ങുന്ന വിദ്യാർഥികളും ജോലിക്കാരുമായിരുന്നു യാത്രക്കാരിൽ കൂടുതലും. സർവിസുകളുടെ കാര്യത്തിൽ തിരക്ക് മുൻകൂട്ടി കണ്ടുള്ള ആസൂത്രണം നടത്തിയിരുന്നു എന്ന് എറണാകുളം ഡിപ്പോയിലെ എ.ടി.ഒ അജിത് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞും തിങ്കളാഴ്ചയുമായി ബംഗളൂരുവിലേക്ക് മാത്രം 10 സർവിസുകളും ചെന്നെയിലേക്ക് ഒരു അധിക സർവിസും നടത്തി. കൂടാതെ, തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് നാല് ലോ ഫ്ലോർ എ.സി ബസുകളും അന്നേ ദിവസം അധികമായി സർവിസ് നടത്തി. വിവിധ പ്രദേശങ്ങളിലേക്ക് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് എന്നിങ്ങനെ മറ്റ് ശ്രേണിയിൽപ്പെട്ട അധിക സർവിസുകളും നടത്തിയതായി എ.ടി.ഒ അറിയിച്ചു. തിങ്കളാഴ്ച മാത്രം എറണാകുളം ഡിപ്പോയിൽ നിന്ന് 95 സർവീസുകൾ നടത്താൻ കഴിഞ്ഞതാണ് വരുമാനത്തിലെ കുതിപ്പിന് സഹായിച്ചത്. യാത്രാ ക്ലേശം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണവും യഥാസമയം ഏർപ്പെടുത്താൻ കഴിഞ്ഞതായും അധികൃതർ പറഞ്ഞു.
ഓണ നാളുകളിലെ മറ്റ് ദിവസങ്ങളിലും പതിവിലും കവിഞ്ഞ വരുമാനമുണ്ടാക്കാൻ ഡിപ്പോക്ക് കഴിഞ്ഞു. ഈ ദിവസങ്ങളിലും ചില റൂട്ടുകളിൽ അധിക സർവിസ് നടത്തി. ഡിപ്പോയിൽ നിലവിലുള്ള 83 സർവിസുകളിൽ 21 എണ്ണം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി ബസുകളാണ്. ഇതിൽ കൂടുതലും ഗുരുവായൂർ, പിഴല, ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കാണ്. ബജറ്റ് ടൂറിസം സർവിസുകളിലൂടെയും പുതിയ യാത്ര സർവിസുകളിലൂടെയും വരുമാനം ഉയർത്താനാണ് ഡിപ്പോ ലക്ഷ്യമിടുന്നത്.
ഫോർട്ടുകൊച്ചിയിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള എ.സി ലോ ഫ്ലോർ സർവിസിന് വ്യാഴാഴ്ച തുടക്കമായി. ഈ ബസ് നെടുമ്പാശ്ശേരിയിൽ നിന്ന് പാലക്കാട്ടേക്കും തിരിച്ചും സർവിസ് നടത്തും. ഡബിൾ ഡക്കർ ബസ് ഉൾപ്പെടെ ഡിപ്പോയുടെ ബജറ്റ് ടൂറിസം സർവിസുകളും മികച്ച വരുമാനം നേടിക്കൊടുക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇവക്ക് ഓൺലൈൻ ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

