തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയ നിർമാണത്തിലെ അപാകതയുടെ ഉത്തരവാദിത്തം സംബന്ധിച്ച് നിയമസഭയിൽ പരസ്പരം പഴിചാരി സർക്കാറും പ്രതിപക്ഷവും. നിർമാണത്തിലും പാട്ടക്കരാറിലും ഗുരുതര പിഴവു ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ സമുച്ചയ നിർമാണം മറ്റൊരു പാലാരിവട്ടം ആകുമെന്ന് യു.ഡി.എഫ് കാലത്തെ മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞ് മന്ത്രി ആൻറണി രാജു തിരിച്ചടിച്ചു. ടി. സിദ്ദീഖിെൻറ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെതുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കെട്ടിട നിർമാണത്തിൽ പിഴവുണ്ടെന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി ആൻറണി രാജു പറഞ്ഞു.
ഐ.ഐ.ടി റിപ്പോര്‍ട്ട് പഠിക്കുന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പരിഹാര നടപടികളെടുക്കും. അതിനാവശ്യമാകുന്ന പണം ഉത്തരവാദികളിൽനിന്ന് ഈടാക്കും. സമുച്ചയ നിർമാണത്തിന് തീരുമാനമെടുത്ത് ശിലയിട്ടത് വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്തായിരുന്നെങ്കിലും പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
യു.ഡി.എഫ് ഭരണത്തിൽ കെ.എസ്.ആർ.ടി.സി എം പാനൽ ചെയ്തവരാണ് കെട്ടിടത്തിെൻറ രൂപകൽപന നടത്തിയത്. 52 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതി പൂര്‍ത്തിയായപ്പോള്‍ 72 കോടിയായി. മൂന്ന് ടെൻഡറുകള്‍ നടപ്പാക്കാതെവന്നപ്പോള് നാലാമത്തെ ടെൻഡര്‍ പരിഗണിച്ചാണ് എല്ലാ വ്യവസ്ഥകളും പാലിച്ച് കെട്ടിടം പാട്ടക്കരാർ കൊടുത്തത്. പ്രതിമാസം 72 ലക്ഷം വാടകക്കാണ് കരാർ ഉണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.
കെട്ടിടം അതീവ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ ടി. സിദ്ദീഖ്, കെട്ടിടം പാട്ടക്കരാറിന് നൽകിയതും ചട്ടവിരുദ്ധമായാണെന്ന് ആരോപിച്ചു. നിർമാണം നടത്തിയ മാക്ക്, കെട്ടിടം പാട്ടത്തിനെടുത്ത ആലിഫ് എന്നീ കമ്പനികൾ ഒന്നാണ്.
വിശ്വാസ്യതയില്ലെന്ന് കണ്ട് കരാർ റദ്ദാക്കെപ്പട്ട കമ്പനി പേര് മാറ്റി വന്നപ്പോള്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവുനല്‍കി കെട്ടിടം കരാറിന് നല്‍കുകയായിരുന്നു. ടെൻഡർ നടപടികൾമുതൽ പാട്ടകരാറിൽവരെ ദുരൂഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് കോർപറേഷെൻറ അനുമതിപോലുമില്ലാതെ അച്യുതാനന്ദൻ സർക്കാറിെൻറ കാലത്താണ് പദ്ധതി തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിെൻറ പേരിൽ കേസെടുക്കാനാണെങ്കിൽ പാലാരിവട്ടം പാലത്തിെൻറ ഉദ്ഘാടനം നടത്തിയത് ആരാണെന്നത് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.