വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു; കൊല്ലത്ത് കണ്ടക്ടറെ മർദിച്ചതായി പരാതി
text_fieldsപണിമുടക്ക് അനുകൂലികൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് സർവിസ് നടത്താൻ ഒരുങ്ങിയ ബസ് തടയുന്നു -ഫോട്ടോ: ബൈജു കൊടുവള്ളി
കോഴിക്കോട്/കൊല്ലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ നിശ്ചലമായി കേരളം. കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നിർത്തിയതോടെ പൊതുഗതാഗതം പൂർണമായി സ്തംഭിച്ചു. പലയിടങ്ങളിലും ഓടിയ ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ സമരാനുകൂലികൾ മർദിച്ചതായി പരാതിയുയർന്നു.
കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാർ ബസ് തടഞ്ഞു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം സർവിസുകൾ തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിന് പുറത്തുനിന്ന് ചില ബസുകൾ സർവിസ് നടത്തി.
കൊല്ലത്ത് സർവിസ് നടത്തുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുയർന്നു. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും കണ്ടക്ടർ ശ്രീകാന്ത് പറഞ്ഞു. പണിമുടക്ക് ദിവസം സർവിസ് നടത്തിയത് ചോദ്യംചെയ്തായിരുന്നു മര്‍ദനം.
കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ ജോലിക്കെത്തണമെന്ന് കാണിച്ച് ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനെ വകവെക്കാതെയാണ് ജീവനക്കാർ സമരത്തിന്‍റെ ഭാഗമായത്. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുമെന്നായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പ്രഖ്യാപനം. എന്നാൽ, സമരത്തിൽ പങ്കെടുക്കുമെന്ന് ബി.എം.എസിന്‍റേത് ഒഴികെയുള്ള സംഘടനകൾ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

