അതേ കള്ളൻ, അതേ കണ്ടക്ടർ; ഒടുവിൽ പിടിയിൽ
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി കണ്ടക്ടർ ‘ഡിറ്റക്ടിവ്’ ആയപ്പോൾ പിടിയിലായത് രണ്ടുവർഷം മുമ്പ് തെൻറ ബാഗിൽനിന്ന് 11,500 രൂപ മോഷ്ടിച്ച് മുങ്ങിയ പ്രതി.രണ്ടുവർഷം മുമ്പ് ജോലിക്കിടെ തെൻറ ബാഗിൽനിന്ന് 11,500 രൂപയുമായി കടന്ന മോഷ്ടാവിനെയാണ് കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ തന്ത്രപൂർവം കുടുക്കിയത്.വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
2016 മാർച്ച് 16ന് രാത്രിയാണ് മോഷ്ടാവ് കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ബാഗിൽനിന്ന് പണം തട്ടിയത്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ രാത്രി സർവിസ് നടത്തിയ ബസിൽ പെരിന്തൽമണ്ണയിൽനിന്ന് കയറിയ ഇയാൾ തിരക്കൊഴിഞ്ഞ സമയം കണ്ടക്ടറുടെ സമീപത്ത് ഇരിക്കുകയും കുശലാന്വേഷണത്തിലൂടെ വിശ്വാസമാർജിക്കുകയും ചെയ്തു.
കല്ലടിക്കോടിനും ഒലവക്കോടിനുമിടയിൽ കണ്ടക്ടർ മയങ്ങിയതോടെ ഇയാൾ ബാഗിൽനിന്ന് പണം മോഷ്ടിച്ച് മുങ്ങി. പൊലീസിൽ പരാതിപ്പെട്ടെങ്കിലും കള്ളനെ പിടിക്കാനായില്ല.എന്നാൽ, രണ്ടുവർഷത്തിന് ശേഷം മോഷ്ടാവ് ഇതേ കണ്ടക്ടർ ഡ്യൂട്ടി ചെയ്യുന്ന ബസിൽ കയറി. ആദ്യ സംഭവത്തിന് സമാനമായി ഇയാൾ കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുകയും സൗഹൃദസംഭാഷണം ആരംഭിക്കുകയും ചെയ്തു. സംശയം തോന്നിയ കണ്ടക്ടർ സെൽഫിയെടുക്കുകയും പരിശോധിക്കുകയും ചെയ്തു. അന്ന് തന്നെ പറ്റിച്ച ആൾ തന്നെയെന്ന് ഉറപ്പുവരുത്താനായി ബാഗ് തുറന്നുവെച്ച് ഉറങ്ങുന്നതുപോലെ അഭിനയിച്ചു.
ഈ സമയം മോഷ്ടാവ് കൈ ബാഗിനുള്ളിൽ കടത്താൻ ശ്രമിക്കവെ കൈയോടെ പിടികൂടി. ചോദ്യം ചെയ്തപ്പോൾ അന്ന് താനാണ് പണം മോഷ്ടിച്ചതെന്ന് സമ്മതിച്ചു.യാത്രക്കാരുടെ സഹായത്തോടെ നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്ന് നഷ്ടപ്പെട്ട പണം ഇയാൾ കണ്ടക്ടർക്ക് നൽകിയതോടെ സംഭവം കേസാക്കാതെ തീർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.