കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് ദുർവിധി; ഒരു ലക്ഷം രൂപ വരുമാനം ലഭിക്കുന്ന റൂട്ടിലെ ബസ് കട്ടപുറത്തായിട്ട് ആറ് മാസം!
text_fieldsകെ.എസ്.ആർ.ടി.സി ഗജരാജ് ബസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിരക്ക് പരിഹരിക്കാൻ സ്വകാര്യ ബസുകൾ വാടകക്കെടുത്ത് കൂടുതൽ സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുമെന്ന പ്രഖ്യാപനം ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയെങ്കിലും മോക്ഷം ലഭിക്കാതെ സ്വന്തം ബസുകൾ വർക്‌ഷോപ്പിൽ തുടരുന്നു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി വാങ്ങിയ അന്നത്തെ ഏറ്റവും ആഡംബര ബസായ വോൾവോ ബിആർ 11 ഗജരാജ് ബസാണ് അപകടത്തിൽപ്പെട്ട് അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ ആറ് മാസത്തോളമായി ബംഗളൂരുവിലെ വർക്‌ഷോപ്പിൽ കിടക്കുന്നത്. കണിയാപുരം ഡിപ്പോ ഓടിക്കുന്ന ബംഗളൂരു-തിരുവനന്തപുരം ബസാണ് ബംഗളൂരുവിലെ വർക്‌ഷോപ്പിൽ കിടക്കുന്നത്.
നിലവിൽ ഈ റൂട്ടിൽ ഗജരാജിന്റെ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ഈ ബസ് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിൽ എത്തി പിറ്റേദിവസം തിരിച്ചു പോരുന്നതിനാൽ ഒന്നിടവിട്ടാണ് സർവീസ്. അതിനാൽ ദിവസവും സർവീസ് ഇല്ലാത്തതോടെ സ്ഥിരം യാത്രക്കാരും ബസിനെ കൈവിട്ടു. ഏകദേശം 60,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വരുമാനം ലഭിച്ചിരുന്ന സർവീസിന് ഈ അവസ്ഥ തുടരുമ്പോഴും സർക്കാർ സ്വകാര്യ ബസുകൾ വാടകക്കെടുക്കുന്നതിൽ വിമർശനം ഉയരുന്നുണ്ട്.
അതേസമയം, സ്വിഫ്റ്റിനു കീഴിൽ സർവീസ് നടത്തിയിരുന്ന വോൾവോ സർവീസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്തതോടെ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി ബസുകൾ കൈമാറുന്നില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, യാത്രക്കാർക്ക് ആശ്വാസമായി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഫ്ലെക്സി പ്രൈസ് നിലവിലുള്ളതിനാൽ 2000 രൂപ മുതൽ 3000 രൂപവരെ ടിക്കറ്റ് നിരക്ക് വരുന്നുണ്ട്. ഇത് ഉത്സവ സീസണുകളിൽ 4500 രൂപയുടെ മുകളിലും എത്താറുണ്ട്.
തെക്കൻ കേരളത്തിൽ മാത്രമല്ല യാത്ര പ്രതിസന്ധി നിലനിൽക്കുന്നത്. മലബാറിലും മധ്യ കേരളത്തിലും കെ.എസ്.ആർ.ടി.സി സർവീസ് കൃത്യമായി ഓടിക്കാത്തതിനാൽ ബാംഗ്ലൂരിൽ നിന്നും എത്തുന്ന യാത്രക്കാർ ദുരിതത്തിലാണ്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരി ചുരത്തിൽ വോൾവോ മൾട്ടി ആക്സിൽ ബസ് പണിമുടക്കിയിരുന്നു. ഇത് ചുരത്തിൽ ഗതാഗത തടസ്സത്തിനപ്പുറം ബുക്ക് ചെയ്ത യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടും നേരിടേണ്ടി വന്നു. ഇത്തരം പ്രതിസന്ധിക്കിടയിലും ബസുകൾ കട്ടപ്പുറത്ത് നിന്ന് ഇറക്കാതെ വാടകക്കെടുക്കുന്നത് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഓണത്തിന് കെ.എസ്.ആർ.ടി.സി വോൾവോ സർവീസുകൾ ഇല്ലാതാകുന്നതോടെ, കുറഞ്ഞ നിരക്കിൽ മികച്ച യാത്ര ചെയ്യാനുള്ള സൗകര്യമാണ് യാത്രക്കാർക്ക് സർക്കാർ നിഷേധിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

