പ്രിയദർശിനി: സ്ത്രീകളുടെ കുടുംബ ബജറ്റിനെ സഹായിക്കുന്നു; സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വർധന -മന്ത്രി സി.പി. ജോൺ
text_fieldsതിരുവനന്തപുരം: സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതി കെ.എസ്.ആർ.ടി.സിക്ക് വരുമാന ബാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും, അത് സ്ത്രീകളുടെ കുടുംബ ബജറ്റിനെ സഹായിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു ഗതാഗത മന്ത്രി. പദ്ധതി നടപ്പാക്കിയ ശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. മുമ്പ് പ്രതിദിനം 10 ലക്ഷം സ്ത്രീകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്ത്, ഇപ്പോൾ അത് 15 ലക്ഷമായി ഉയർന്നു.
കെ.എസ്.ആർ.ടി.സിക്ക് ദിനംപ്രതി രണ്ടര കോടിയോളം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. സാമ്പത്തികമായി പരിശോധിക്കുമ്പോൾ, ദിവസേന ഏഴ് കോടിയിലധികം രൂപ സ്ത്രീകളുടെ കൈകളിൽ നേരിട്ട് എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപീകരിക്കുന്നതിനുള്ള ആലോചനയിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.
പുതിയ നയത്തിൽ വാഹനങ്ങൾക്കൊപ്പം കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകും. റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് പ്രധാന ജങ്ഷനുകളിലെ സീബ്രാ ലൈനുകളുടെ വീതി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് 93 ഡിപ്പോകളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ജനകീയ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളുടെ മാതൃകയിലായിരിക്കും ഇവയുടെ പ്രവർത്തനം.
ഗ്രാമവണ്ടികളുടെ എണ്ണം നിലവിലെ 58-ൽ നിന്നും 500 ആയി ഉയർത്താൻ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ എം.എൽ.എമാരും സഹകരിക്കണമെന്നും ഗതാഗത മന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കർശന നടപടികൾ സ്വീകരിക്കുമെന്നും, ഇതിനായി സംസ്ഥാനത്തെ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വാഹന സെൻസസ് നടത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അന്തരീക്ഷ മലിനീകരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ കേരളത്തിൽ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

