സൗജന്യ യാത്ര: ഓഡിനറി ബസുകളിൽ മാത്രം, ഉയർന്ന ശ്രേണിയിലെ ബസുകളിൽ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികം -കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകളുടെ സൗജന്യ യാത്ര ഓഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി നിർദേശം. ഫാസ്റ്റ് പാസഞ്ചർ മുതൽ ഉയർന്ന ശ്രേണിയിലുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സർവിസ് രംഗത്ത് പ്രതിസന്ധികൾക്ക് ഇടയാക്കുമെന്നും അതിനാലാണ് പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയാൽ മതിയെന്ന് നിർദേശം ഉയർന്നുവന്നത്. പദ്ധതി നടപ്പാക്കുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലുണ്ടാക്കുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി വരെ അധികമായി നൽകേണ്ടിവരുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
കോവിഡിന് മുമ്പ് പ്രതിദിനം 35 ലക്ഷം പേർ യാത്ര ചെയ്തിരുന്ന കെ.എസ്.ആർ.ടി.സിയിൽ നിലവിൽ 20-25 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ബസുകളിൽ സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. ജൂൺ 15ന് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുമ്പ് പറഞ്ഞിരുന്നു.
അതേസമയം, കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകളിലും പദ്ധതി നടപ്പാക്കിയാൽ 112 കോടിയുടെ നഷ്ടമുണ്ടാകും. ഓർഡിനറിയിലാണെങ്കിൽ 57 കോടിയുടെ ബാധ്യത വരും. കെ.എസ്.ആർ.ടി.സിക്ക് 4609 ബസുകളാണുള്ളത്. അതിൽ 800 ബസുകൾ തകരാറിലാണ്. 450 ബസുകൾ സിഫ്റ്റിന് കീഴിലും. ബാക്കി വരുന്ന 3,359 ബസുകളിൽ തന്നെ ഓർഡിനറി ബസുകളിലാവും പദ്ധതി നടപ്പാക്കുക.
ബസുകളിൽ സൗജന്യം നൽകുന്നത് മൂലം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. 2025ലെ കണക്കനുസരിച്ച് കേരളത്തിൽ 16,545 റൂട്ടുകളിൽ 4609 എണ്ണം മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെത്. നിലവിൽ ഓടുന്ന ബസുകളിൽ മൂന്നിലൊന്നും സൂപ്പർ ഫാസ്റ്റിന് മുകളിലുള്ള ക്ലാസാണ്. സൂപ്പർ ക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുവാദമില്ല. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യ യാത്ര പ്രായോഗികമല്ല. സിഫ്റ്റിന് കീഴിലുള്ള ബസുകളിലും സൗജന്യത്തിന് സാധ്യതയില്ല.
കെ.എസ്.ആർ.ടി.സിക്ക് വിവിധ വിഭാഗങ്ങളിലായി നിരവധി ബസുകളുണ്ട്. വോൾവോ എ.സി എയർബസ്, സ്കാനിയ എയർ ബസ്, ഗരുഡ കിങ് ക്ലാസ്, ഗരുഡ മഹാരാജ, സൂപ്പർ എയർ ഡീലക്സ് എയർ ബസ് (മിന്നൽ), സൂപ്പർ ഡീലക്സ് എയർ ബസ്, ശബരി സൂപ്പർ ഡീലക്സ് എയർ ബസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, ഫാസ്റ്റ് പാസഞ്ചർ, വേണാട്, മലബാർ, തിരുകൊച്ചി, അനന്തപുരി ഫാസ്റ്റ്, രാജധാനി, ടൗൺ ടു ടൗൺ, പോയന്റ് ടു പോയന്റ്, ഡബിൾ ഡക്കർ, വെസ്റ്റിബ്യൂൾ, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഓർഡിനറി, പിങ്ക് ബസ്, ജന്റം എ.സി. ലോഫ്ലോർ, ജന്റം നോൺ എ.സി. ലോഫ്ലോർ എന്നിങ്ങനെയാണ്.
അതേസമയം, കോൺഗ്രസിന്റെ പോഷക സംഘടനയായ ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാക്കൾ കെ.എസ്.ആർ.ടി.സി സൗജന്യയാത്ര പദ്ധതിയിൽ ട്രാൻസ്ജെൻഡറുകളെയും ഉൾപ്പെടുത്തണമെന്ന് കാണിച്ച് ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

