പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
text_fieldsകോന്നി: കെ.എസ്.ആർ.ടി.സി ബസും മഹിന്ദ്ര സൈലോ കാറും കൂട്ടിയിടിച്ച് 24പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കുപോയ ആർ.പി.സി 255 നമ്പർ കെ.എസ്.ആർ.ടി.സി ബസും കോന്നി ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്കുപോയ സൈലോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് ഇളകൊള്ളൂർ ഓർത്തഡോക്സ് വലിയപള്ളിയുടെ കഴിഞ്ഞമാസം കൂദാശ കഴിഞ്ഞ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറി.
കവാടം ബസിന് മുകളിലേക്ക് പതിച്ച് ബസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവറെയും മുന്നിലിരുന്ന യാത്രക്കാരെയും വളരെ പാടുപെട്ടാണ് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് പുറത്തെടുത്തത്. കോന്നി ഡിവൈ.എസ്.പി ബൈജു കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസും കോന്നി അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ഓഫിസർ സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ 12അംഗ സംഘവും എത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽപെട്ടവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജയകുമാറിനെയും (50) കാർ ഡ്രൈവർ ജോറോ ചൗധരിയെയും(39) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.എസ്. ബേബി (50), ദുശൻ (50), പനീർ സെൽവം (65), ഷൈലജ(57), ശോഭന (52), മുടിപ്പുറത്ത് തേവർ (61), ആതിര (26), പ്രവീൺ (24), ടിറ്റോ (26), ലാലച്ചൻ (60), സുരേഷ് (49), ജെസി (50), സുമ (48), ആറുമുഖൻ(61), അമൽ (28) എന്നിവരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
തെന്മല സ്വദേശി ശിവകുമാർ (43), ഭാര്യ സ്വപ്ന (39), മകൾ ഐശ്വര്യ (14) എന്നിവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ബസിൽ ജി.പി.എസ് സംവിധാനം ഉണ്ടായിരുന്നില്ല. വേഗപ്പൂട്ടിന്‍റെ വയറുകൾ മുറിഞ്ഞനിലയിലുമായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

