കെ.എസ്.ആർ.ടി.സിക്ക് പുതിയ 900 ബസ്: അനുമതി നൽകിയിട്ട് രണ്ട് മാസം; ടെൻഡർ പോലും വിളിച്ചില്ല
text_fieldsതിരുവനന്തപുരം: 900 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും കെ.എസ്.ആർ.ടി.സി ടെൻഡർ നടപടി തുടങ്ങിയില്ല. 300 കോടിയുടെ സാമ്പത്തികാനുമതി ലഭിച്ചെങ്കിലും മാനേജ്മെൻറ് ഒന്നുംചെയ്യാത്തതിൽ സർക്കാറിനും കടുത്തഅതൃപ്തിയുണ്ട്. എന്നാൽ, നിലവിൽ മാനേജ്മെൻറിൽനിന്ന് വിശദീകരണമാരായാത്തത് 3200 കോടിയുടെ ബാങ്ക് കൺസോർട്ടിയം വായ്പാനടപടികൾ തുടരുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ്. കെ.എസ്.ആർ.ടി.സിയുടെ ധനകാര്യ ഇടപെടലിലെ കാര്യക്ഷമതയും സുതാര്യതയുമടക്കം പരിശോധിക്കുന്നതിന് കൺസോർട്ടിയം നിയോഗിച്ച പ്രത്യേകസംഘം മാനേജ്മെൻറിെൻറ പ്രവർത്തനം വിലയിരുത്തുന്ന സാഹചര്യത്തിലാണിത്.
സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് നിരത്തിലെ കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം വർധിപ്പിക്കണമെന്ന് സുശീൽഖന്ന റിപ്പോർട്ടിലടക്കം വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം ദേശസാത്കൃത പെർമിറ്റുകളുള്ള കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ളത് 5000-5500 ബസുകളാണ്. സ്വകാര്യബസുകളാകെട്ട 15000ഉം. ബസ് ചാർജ് വർധനയിൽ അതൃപ്തി രേഖപ്പെടുത്തി സ്വകാര്യബസുകൾ തുടർച്ചയായി നാല് ദിവസം പണിമുടക്കിയേപ്പാഴാണ് കെ.എസ്.ആർ.ടി.സിയുടെ പരിമിതി പ്രകടമായത്. പുതിയ ബസുകൾ കൂടി എത്തുന്നതോടെ ഇൗ പരിമിതിക്ക് അൽപം ആശ്വാസമാകുമെന്നായിരുന്നു ഉന്നതതല ചർച്ചകളിലെയടക്കം വിലയിരുത്തൽ. തമിഴ്നാട്ടിലെ 49 റൂട്ടുകളിലായി 89 സർവിസുകൾ തുടങ്ങുന്നതിന് അന്തർസംസ്ഥാന ഗതാഗത കരാർ ഒപ്പിട്ട സാഹചര്യത്തിൽ പുതിയ ബസുകളെത്തൽ അനിവാര്യമാണ്.
ഉൗട്ടി, തേങ്ങാപ്പട്ടണം, ആറ്റിൻകര, പേച്ചിപ്പാറ, കുളച്ചൽ, ചെന്നൈ തുടങ്ങിയ സർവിസുകളാണ് തമിഴ്നാട്ടിൽ ആലോചിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ധാരണയിലെത്തിയ ഇൗ അന്തർസംസ്ഥാന സർവിസുകളും ബസ് ക്ഷാമത്തിൽ തട്ടി അനിശ്ചിതാവസ്ഥയിലാണ്. കാലപ്പഴക്കംചെന്ന ബസുകളെ നിരത്തിൽനിന്ന് പിൻവലിക്കലും പുതിയ ബസുകളെത്തലിനെ ആശ്രയിച്ചാകും. ഒാർഡിനറി ബസുകൾ വഴിയിലാകുന്നതും പതിവാണ്. വടക്കൻ കേരളത്തിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് സോണൽ തലത്തിൽ സാധ്യതപഠനം നടത്തിയിരുന്നു. മലബാർ റൂട്ടുകളിൽ സ്വകാര്യബസുകൾക്കാണ് ആധിപത്യം. ഇവിടെ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെങ്കിലും മതിയായ ബസുകളില്ലാത്തതാണ് തടസ്സം.
സോണുകളിൽ ബസ് കുറവ് തൃശൂരും കോഴിക്കോട്ടും
തിരുവനന്തപുരം: നിലവിൽ കെ.എസ്.ആർ.ടി.സിയുടെ അഞ്ച് സോണുകളിൽ ഏറ്റവും കുറവ് ബസുകളുള്ളത് തൃശൂർ, കോഴിക്കോട് സോണുകളിലാണ്. മൊത്തം ബസുകളുടെ 20 ശതമാനം വീതം മാത്രമാണ് ഇരുസോണുകളിലുമുള്ളത്. തൃശൂരിൽ 676ഉം കോഴിക്കോട് 755ഉം ഷെഡ്യൂളുകളേയുള്ളൂ. തിരുവനന്തപുരം സോണിൽ 70 ശതമാനവും (1481 ഷെഡ്യൂളുകൾ) കൊല്ലത്ത് 40 ശതമാനവും (1300 ഷെഡ്യൂളുകൾ) എറണാകുളത്ത് 30 ശതമാനവുമാണ് (117 ഷെഡ്യൂളുകൾ) മറ്റ് േസാണുകളിലെ ബസ് വിഹിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.