കെ.എസ്.എഫ്.ഇയിൽ 30 ലക്ഷം തട്ടിയ ജീവനക്കാരന് സസ്പെൻഷൻ
text_fieldsമണ്ണഞ്ചേരി (ആലപ്പുഴ): കെ.എസ്.എഫ്.ഇയിലെ വായ്പക്ക് ഈട് നൽകിയ ഭൂമിയുടെ രേഖകൾ സ്വന്തം വായ്പക്കായി തിരിമറി നടത്തി 30 ലക്ഷം രൂപ തട്ടിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കെ.എസ്.എഫ്.ഇ ആലപ്പുഴ അസിസ്റ്റന്റ് ജനറൽ ഓഫിസിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി ആപ്പൂര് കുരുവേലിച്ചിറയിൽ രാജീവിനെയാണ് സസ്പെൻഡ് ചെയ്തത്. അയൽവാസിയായ എൻ. സുമ നൽകിയ പരാതിയിലാണ് നടപടി.
മണ്ണഞ്ചേരി പൊലീസ് കേസെടുക്കുകയും കൂടുതൽ തട്ടിപ്പുകൾ പുറത്താകുകയും ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടിയു) ജില്ല വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ് രാജീവ്. കെ.എസ്.എഫ്.ഇ ആലപ്പുഴ ഇരുമ്പുപാലം ശാഖയിൽ സുമയുടെ പേരിൽ ചേർന്ന 12 ലക്ഷത്തിന്റെ ചിട്ടിയിൽനിന്ന് വീട് നിർമാണത്തിന് ആറുലക്ഷം വായ്പ എടുക്കുന്നതിനാണ് 12 സെന്റ് ഭൂമിയുടെ പ്രമാണം നൽകിയത്. രാജീവാണ് രേഖകൾ ശരിയാക്കാൻ സഹായിച്ചത്.
എന്നാൽ, ഈ സ്ഥലത്തിന് വഴിയില്ലെന്ന കാരണംപറഞ്ഞ് സുമയുടെ ഭർത്താവിന്റെ എട്ട് സെന്റിന്റെ പ്രമാണവും കൈക്കലാക്കിയ രാജീവ് ഇത് സ്വന്തം പേരിലുള്ള ചിട്ടിയുടെ ജാമ്യത്തിനായി വെക്കുകയായിരുന്നു. രാജീവ് ചിട്ടി പിടിച്ചശേഷം തുക തിരിച്ചടക്കാതെ വന്നതോടെ സുമക്കെതിരെ റവന്യൂ റിക്കവറി നടപടി തുടങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഇതിനിടെ മറ്റൊരു സംഭവത്തിൽ രാജീവിന്റെ ബന്ധു തെക്കേവെളിയിൽ സനീഷ് ആലപ്പുഴ കിടങ്ങാംപറമ്പ് സായാഹ്ന ശാഖയിൽനിന്ന് ഈട് നൽകിയ ഭൂമിയുടെ രേഖകൾ ഇവിടെനിന്ന് മാറ്റി രാജീവിന്റെയും ഭാര്യയുടെയും പേരിൽ കലവൂർ ശാഖയിൽ ചേർന്ന ചിട്ടിക്ക് ഈട് നൽകി. ഇവിടെയും 50 ലക്ഷത്തോളം രൂപക്കാണ് ഇയാൾ ചിട്ടി പിടിച്ചതത്രേ. സംഭവം വിവാദമാകുകയും കെ.എസ്.എഫ്.ഇ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങുകയും ചെയ്തതോടെ ഈ രേഖ ഇവിടെനിന്ന് പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

