തൃശൂർ: കോവിഡ് സാഹചര്യത്തിൽ ചെലവുചുരുക്കൽ പ്രഖ്യാപിച്ച കെ.എസ്.എഫ്.ഇയിൽ ചെയർമാെൻറ ഓണറേറിയവും ഡയറക്ടർമാരുടെ സിറ്റിങ് ഫീസും വർധിപ്പിച്ചു. എന്നാൽ, ബോർഡ് തീരുമാനമെടുത്ത് സർക്കാറിന് അയച്ചെങ്കിലും അനുമതിയായിട്ടില്ല. 600 രൂപയായിരുന്ന സിറ്റിങ് ഫീസ് കഴിഞ്ഞവർഷമാണ് 3000 രൂപയായി ഉയർത്തിയത്. ചെയർമാെൻറ ഓണറേറിയം 20,000 രൂപയെന്നത് 50,000 ആക്കാനാണ് തീരുമാനം. ചെലവുചുരുക്കാനുള്ള 22 കാര്യങ്ങളുമായി എം.ഡി ഉത്തരവിറക്കിയതിനിടയിലാണ് ഓണറേറിയം വർധിപ്പിച്ച് തീരുമാനമെടുത്തത്.
നവീകരിക്കുന്ന ശാഖകളിൽ ഉപയോഗയോഗ്യമായ ഫർണിച്ചറുകളുപയോഗിക്കുക, വാഹനങ്ങളുടെ ഉപയോഗെച്ചലവ് കുറക്കുക, ശീതീകരണി, ഫാനുകൾ, ലൈറ്റുകൾ തുടങ്ങിയവയുടെയും വെള്ളത്തിെൻറയും ഉപയോഗം പരമാവധി കുറക്കുക, മാനേജർമാർ പുറത്തുപോകുമ്പോൾ കാബിനുകളിലെ ഫാൻ, എ.സി എന്നിവ ഓഫ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളുമായി അടുത്തിടെയാണ് ചെലവുചുരുക്കൽ ഉത്തരവിറക്കിയത്. റവന്യൂ റിക്കവറി നടപടികൾ നിർത്തിവെക്കും പിഴപലിശ ഒഴിവാക്കും, കുറഞ്ഞ പലിശയിൽ സ്വർണപണയ വായ്പ, കുട്ടികൾക്ക് വിദ്യശ്രീ ചിട്ടിയിലൂടെ ലാപ്ടോപ് തുടങ്ങിയ നിരവധി ആശ്വാസപദ്ധതികൾ കോവിഡ് കാലത്ത് പൊതുജനങ്ങൾക്കായി കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ചിട്ടുണ്ട്.