56ാം പിറന്നാൾ ആഘോഷിച്ച് കെ.എസ്.എഫ്.ഇ
text_fieldsകൊല്ലം: കെ.എസ്.എഫ്.ഇയുടെ 56ാമത് സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക മിസല്ലേനിയസ് നോൺ ബാങ്കിങ് കമ്പനിയായി മാറിയതിന്റെ നിറവിലാണ് ഇത്തവണ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 16 മേഖല കേന്ദ്രങ്ങളിലായി സർക്കാർ അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, മഹിള മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കാവശ്യമുള്ള സാധന സാമഗ്രികൾ, ഉച്ചഭക്ഷണം എന്നിവ എത്തിച്ചു നൽകിയാണ് പിറന്നാൾ സന്തോഷം പങ്കുവെച്ചത്.
കൊല്ലം സർക്കാർ വൃദ്ധസദനത്തിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനും തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിലെ കുട്ടികളോടൊപ്പം കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. കെ.എസ്.എഫ്.ഇയുടെ എല്ലാ യൂനിറ്റുകളിലും കേക്ക് മുറിച്ചും ഇടപാടുകാർക്ക് മധുരം വിതരണം ചെയ്തും സ്ഥാപകദിനം ആചരിച്ചു.
ഒരു കോടി ഇടപാടുകാർ എന്നതാണ് കെ.എസ്.എഫ്.ഇയുടെ പുതിയ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി. നരേന്ദ്രൻ, മുഹമ്മദ് ഷാ, മേഖല തലവൻമാർ എന്നിവർ വിവിധ ഇടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. തൃശൂർ കോർപറേറ്റ് ഓഫിസിൽ ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത് ചന്ദ്രൻ, ജനറൽ മാനേജർ (ബിസിനസ്) പി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ഡി.ജി.എമ്മുമാരായ എ.ബി. നിശ, ദേവി നായർ, അസി. ജനറൽ മാനേജർമാരായ കൃഷ്ണേന്ദു സുരേഷ് കുമാർ, കെ.ജി. അനിൽ കുമാർ, ബി. മഹേശ്വരൻ, കമ്പനി സെക്രട്ടറി എമിൽ അലക്സ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

