കൊടി കെട്ടിയാൽ 'ഷോക്ക്' അടിക്കും
text_fieldsകൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകളിൽ ബാനറുകളും കൊടികളും കെട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി.
ട്രാൻസ്ഫോമർ സ്റ്റേഷനും വൈദ്യുതി പോസ്റ്റുമടക്കം പ്രചാരണത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം. ഇവിടേക്ക് അതിക്രമിച്ച് കടക്കുന്നത് അപകടകരമാണ്. ഓരോ വൈദ്യുതി തൂണിലും പോസ്റ്റ് നമ്പരും അപകടം സംഭവിച്ചാൽ അറിയിക്കേണ്ട നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി തകരാറുകൾ സംഭവിക്കുമ്പോൾ പോസ്റ്റ് നമ്പർ വെച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുന്നത്.
വൈദ്യുതി മുടക്കം തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ പോസ്റ്റിലെ നമ്പർ അനിവാര്യ ഘടകമാണ്. ഇത്തരം സാഹചര്യമുള്ളപ്പോൾ പോസ്റ്ററും ബാനറും കൊണ്ട് പോസ്റ്റ് നമ്പറുകൾ മറയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പോസ്റ്ററുകളും കൊടിതോരണങ്ങളും പതിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. രാഷ്ട്രീയപാർട്ടികളോ മറ്റിതര കക്ഷികളോ പോസ്റ്ററുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും അറിയിപ്പുണ്ട്.