കട്ടുപോയി, 17.64 കോടിയുടെ വൈദ്യുതി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സംസ്ഥാനത്ത് കറന്റ് മോഷണത്തിന് കുറവില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17.64 കോടിയുടെ വൈദ്യുതി മോഷണം നടന്നതായാണ് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. അനധികൃതമായി അഡീഷനൽ ലോഡ് കണക്ട് ചെയ്ത് ഉപയോഗിക്കുക, അനധികൃത ലൈൻ എക്സ്റ്റൻഷൻ, താരിഫ് ദുരുപയോഗം, കേടായ മീറ്ററുകൾ എന്നിവ വഴിയാണ് മോഷണം ഏറെയും നടന്നത്.
2021 മുതൽ ഇതുവരെ വൈദ്യുതി മോഷണം കണ്ടെത്താൻ കെ.എസ്.ഇ.ബിയുടെ ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് 1,58,957 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതിൽ 1,681 മോഷണങ്ങൾ കണ്ടെത്തി. 17.64 കോടിയുടെ മോഷണവുമായി ബന്ധപ്പെട്ട് 17.04 കോടി പിഴ ഈടാക്കി. അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിലാണ് കൂടുതൽ വൈദ്യുതി മോഷണം കണ്ടെത്തിയത്. 299 കേസുകളിലായി 5.50 കോടിയുടെ മോഷണമാണ് ജില്ലയിൽ നടന്നത്. കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളാണ് തൊട്ടുപിന്നിൽ.
വൈദ്യുതി മോഷണം എന്നാൽ
ലൈനുകളിൽനിന്നോ സർവിസ് വയറുകളിൽനിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളിൽനിന്നോ മീറ്ററിൽ രേഖപ്പെടുത്താത്ത തരത്തിൽ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് മോഷണമായി കണക്കാക്കും. മീറ്ററുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ക്രമക്കേട് നടത്തിയോ, മീറ്റർ ഉപയോഗശൂന്യമാക്കിയോ ഉപഭോഗം കുറച്ചുകാണിക്കുക, അനുവദിക്കപ്പെട്ട ആവശ്യത്തിനല്ലാതെയും മീറ്ററിൽ രേഖപ്പെടുത്താതെയും മറ്റാവശ്യങ്ങൾക്ക് വൈദ്യുതി ദുരുപയോഗം ചെയ്യുക എന്നിവയും മോഷണ പരിധിയിൽ വരും.
മോഷണം പിടിക്കപ്പെട്ടാൽ 2003ലെ വൈദ്യുതി നിയമത്തിന്റെ 135ാം വകുപ്പ് പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുക്കുകയും ചെയ്യും. മൂന്നുവർഷം വരെ തടവുശിക്ഷയും ലഭിക്കാം. അറിയാതെ മോഷണം നടത്തുന്നവർ തെറ്റ് മനസ്സിലാക്കി സ്വമേധയാ കെ.എസ്.ഇ.ബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാകാൻ ഒരു തവണ അവസരം ലഭിക്കും.
ജില്ലകളിലെ വൈദ്യുതി മോഷണം
മലപ്പുറം - 5.50 കോടി
കാസർകോട് - 2.72 കോടി
എറണാകുളം - 2.16 കോടി
തൃശൂർ - 1.74 കോടി
തിരുവനന്തപുരം - 71.86 ലക്ഷം
കൊല്ലം - 15.08 ലക്ഷം
ആലപ്പുഴ - 51.31 ലക്ഷം
പത്തനംതിട്ട - 40.06 ലക്ഷം
കോട്ടയം - 46.38 ലക്ഷം
ഇടുക്കി - 52.10 ലക്ഷം
കോഴിക്കോട് - 81.67 ലക്ഷം
വയനാട് - 46.37 ലക്ഷം
കണ്ണൂർ - 79.81 ലക്ഷം
പാലക്കാട് - 67.51 ലക്ഷം

