കനത്ത മഴയിൽ കെ.എസ്.ഇ.ബിക്ക് 120.81 കോടി രൂപയുടെ നഷ്ടം; 57,33,195 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് വൻനാശനഷ്ടം.നിലവിലെ കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റുകളും 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണ മേഖലയിൽ ഏകദേശം 120 കോടി 81 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 57,33,195 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 54,56,524 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാനായി.
വരും ദിവസങ്ങളിലും അതിതീവ്ര മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതിരാവിലെ പത്ര വിതരണത്തിനും റബ്ബർ ടാപ്പിംഗിനും മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലർത്തണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുത്. ഉടൻ സമീപത്തെ കെ.എസ്.ഇ ബി ഓഫിസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവെയ്ക്കാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തി വരുന്നു. പലയിടത്തും ജലനിരപ്പുയർന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിഉള്ളതിനാല്‍ നിരവധി ഹൈടെന്‍ഷന്‍ ലൈനുകളും, ട്രാന്‍സ്ഫോര്‍മറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സാഹചര്യമാണുള്ളത്.
വൈദ്യുതി ലൈന്‍ അപകടാവസ്ഥയിൽ കണ്ടാൽ എടുക്കേണ്ട മുന്‍കരുതലുകള്‍
⊗ പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്.
⊗ ലൈനിന്റെ സമീപത്തേക്ക് ആരേയും പോകാന്‍ അനുവദിക്കുകയും അരുത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം.
⊗ പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്.
⊗ പൊട്ടിയ ലൈന്‍ തട്ടി ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ മുളയോ കമ്പോ കൊണ്ട് തട്ടി ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

