
കെ.എസ്.ഇ.ബി സമരം അനാവശ്യം, സംഘടനയിലെ ഭൂരിഭാഗവും സമരത്തിനെതിര് -എൻജി. അസോ.
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഒരു വിഭാഗം പ്രഖ്യാപിച്ച സമരം അനാവശ്യമാണെന്നും മന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ. തെറ്റ് ചെയ്തവർ അതുൾക്കൊള്ളണം. നടപടിക്രമങ്ങൾ പാലിക്കാതെ അവധിയെടുത്തതിന് സ്ഥാപനത്തിൽ നിന്നുള്ള സ്വാഭാവിക നടപടിയെയാണ് വക്രീകരിച്ച് പല മാനങ്ങൾ നൽകിയതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
നടപടിക്രമങ്ങൾ പാലിക്കാത്തതിന് മുമ്പും അച്ചടക്ക നടപടികളുണ്ടായിട്ടുണ്ട്. അവധി എടുക്കുന്നതിന് നിയതമായ നടപടികളും മാനദണ്ഡങ്ങളുമുണ്ട്. ബോർഡ് ഹാളിലേക്ക് ഉദ്യോഗസ്ഥർ തള്ളിക്കയറാൻ ശ്രമിച്ചത് ശരിയായ നടപടിയല്ല. കോളജുകളിൽ സമരത്തിനിടെ വിളിക്കുന്ന മുദ്രാവാക്യമാണ് ബോർഡ് റൂമിൽ വിളിച്ചത്. പ്രശ്നപരിഹാരത്തിന് നിരവധി മാർഗങ്ങളുണ്ടായിരിക്കെയാണ് ഈ ചെയ്തികൾ. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം.
സമരം ചെയ്യുന്ന സംഘടനയിലെ ഭൂരിഭാഗവും സമരത്തിനെതിരാണ്. സമരം ചെയ്താൽ ഡയസ്നോൺ പ്രഖ്യാപിക്കണം. സമരം ഇതുവരെ കെ.എസ്.ഇ.ബി പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. മാനേജ്മെന്റിനെതിരെ ഉയർന്ന ആരോപണങ്ങൾ ബാലിശമാണ്.
ജീവനക്കാരെ മുഴുവൻ പൊതുജനമധ്യത്തിൽ മോശക്കാരാക്കുന്ന പ്രചാരണങ്ങൾക്ക് സാഹചര്യം ഒഴിവാക്കണമെന്നും പ്രസിഡന്റ് എസ്. സുനിൽ, ജനറൽ സെക്രട്ടറി വി.എസ്. ഗീത, ഷാജ് കുമാർ, മുഹമ്മദ് റാഫി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
