വൈദ്യുതി ബോർഡ് സമരം ഇന്ന് ഒത്തുതീർന്നേക്കും
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാന്റെ നടപടികൾക്കെതിരെ അഞ്ചുദിവസമായി തുടരുന്ന ഇടതു ജീവനക്കാരുടെ സമരം ഒത്തുതീരാൻ സാധ്യത തെളിഞ്ഞു.
ഇടതുമുന്നണി നിർദേശപ്രകാരം മന്ത്രി കെ. കൃഷ്ണൻകുട്ടി ട്രേഡ് യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പരിഹാരത്തിന് വഴിതെളിഞ്ഞു. ശനിയാഴ്ച ചെയർമാനും ഇടത് യൂനിയനുകളുമായി ചർച്ചയിൽ അന്തിമ ധാരണയാകും. രാവിലെ ഓൺലൈനായാണ് യോഗം. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ച അനുകൂലമാണെന്ന് നേതാക്കൾ അറിയിച്ചു. ആവശ്യമായ നിർദേശം ബോർഡ് ചെയർമാന് മന്ത്രി നൽകിയിട്ടുണ്ട്.
സംഘടന ആഗ്രഹിക്കുന്ന വിധം പരിഹാരം ഉണ്ടാകുമെന്നും അവർ പറഞ്ഞു. വൈദ്യുതി ഭവന്റെ സുരക്ഷ സംസ്ഥാന വ്യവസായ സേനയെ ഏൽപ്പിച്ചതാണ് ജീവനക്കാർക്ക് പ്രകോപനമുണ്ടാക്കിയത്. അതിൽ നേരിയ മാറ്റം വന്നേക്കും. ഡേറ്റ സെന്റർ പോലെ തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് ഇതു പരിമിതപ്പെടുത്തിയേക്കും.
ചെയർമാനെതിരെ യൂനിയനുകൾ ഉന്നയിക്കുന്ന ആരോപണങ്ങളിലും ചെയർമാൻ നടത്തിയ വെളിപ്പെടുത്തലുകളിലും ഊർജ സെക്രട്ടറി അന്വേഷണം നടത്തുകയാണ്. ഒരാഴ്ചക്കകം പൂർത്തിയാക്കും. റി
പ്പോർട്ട് പ്രകാരം തുടർനടപടി കൈക്കൊള്ളാനാണ് ധാരണ. കെ.എസ്.ഇ.ബി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹരിലാലും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എം.പി. ഗോപകുമാറും അടക്കമുള്ളവരാണ് മന്ത്രി നടത്തിയ ചർച്ചയിൽ പങ്കെടുത്തത്.
ഇടത് യൂനിയനുകളുടെ സമരം സർക്കാറിന് പ്രതിസന്ധിയും നാണക്കേടും ഉണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

