പ്രസരണ മേഖലയിലെ സ്വകാര്യവത്കരണം; നടപടികൾക്ക് തുടക്കമിട്ട് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: വൈദ്യുതി നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ കെ.എസ്.ഇ.ബി പ്രസരണ മേഖലയിലെ സ്വകാര്യവത്കരണ നടപടികൾ തുടങ്ങി. 250 കോടി രൂപക്കു മുകളിൽ ചെലവുവരുന്ന വലിയ പ്രസരണലൈനുകളുടെ നിർമാണനടപടികളിൽനിന്ന് പിൻവാങ്ങാനും താരിഫ് അധിഷ്ഠിത മത്സരാധിഷ്ഠിത ടെൻഡർ (ടി.ബി.സി.ബി) വഴി സ്വകാര്യ ഏജൻസികളെ ഏൽപിക്കാനുമാണ് തീരുമാനം. കേന്ദ്ര വൈദ്യുതി നയങ്ങൾക്കനുസരിച്ച് നടപടിക്രമങ്ങൾ രൂപപ്പെടുത്താൻ ട്രാൻസ്മിഷൻ ഗ്രിഡ് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ഉത്തരവിറക്കി.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താൻ കെ.എസ്.ഇ.ബിയുടെ നഷ്ടം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന കേന്ദ്രനിർദേശത്തിന്റെ കരടുരേഖയിൽ, പ്രസരണ ലൈനുകൾ താരിഫ് അധിഷ്ഠിത ടെൻഡറായി നൽകണമെന്ന് നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്തിമ കരാറായിട്ടില്ലെങ്കിലും ഈ നിർദേശം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ പ്രസരണ മേഖലയിലെ വലിയ പ്രവൃത്തികൾ സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ 600 കോടി ചെലവ് പ്രതീക്ഷിക്കുന്ന ആലുവ സബ്സ്റ്റേഷൻ-കുന്നംകുളം സബ്സ്റ്റേഷൻ പ്രസരണ ലൈനുകളുടെ നിർമാണത്തിലാണ് ടി.ബി.സി.ബി വ്യവസ്ഥയിൽ ടെൻഡർ നടപടി സ്വീകരിക്കുക. ഇതോടെ പ്രസരണ മേഖലയിലെ വൻ മുതൽമുടക്ക് ബാധ്യതയിൽനിന്ന് കെ.എസ്.ഇ.ബിക്ക് പിന്മാറാനാകും.
പകരം നിർമാണകരാർ ഏറ്റെടുക്കുന്ന വൻകിട കരാറുകാർക്ക് നിശ്ചിത കാലം കിലോമീറ്റർ കണക്കാക്കി കോടിക്കണക്കിന് രൂപ കെ.എസ്.ഇ.ബിയിൽനിന്ന് ഈടാക്കാൻ അവസരമൊരുങ്ങും. വൈകാതെ ചെറിയ ലൈനുകളിലേക്കും സബ്സ്റ്റേഷൻ തലത്തിലേക്കും സ്വകാര്യവത്കരണ നടപടികൾ വ്യാപിപ്പിച്ചാൽ പ്രസരണ മേഖലയിലെ സ്വകാര്യവത്കരണം യാഥാർഥ്യമാകുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

