സ്മാർട്ട് മീറ്ററിനൊപ്പം എ.ഐയും; അടിമുടി മാറാൻ കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെ, എല്ലാ മേഖലകളിലും നൂതന സാങ്കേതിക വിദ്യകളൊരുക്കാനും അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനും കെ.എസ്.ഇ.ബി ഒരുങ്ങുന്നു. സൗരോർജം, കാറ്റാടിയന്ത്രങ്ങൾ, ബാറ്ററി എനർജി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജുകൾ എന്നിവക്കാണ് ഉൽപാദന രംഗത്തെ വികസനത്തിന് ഇക്കൊല്ലം മുന്തിയ പരിഗണന നൽകുക. ഇതോടൊപ്പം ലോഡ് ഡെസ്പാച്ച് സെന്റർ പോലെ പ്രധാന സംവിധാനങ്ങളിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം നവസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന കേന്ദ്രമാണ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെൻറർ (എസ്.എൽ.ഡി.സി). വൈദ്യുതിയുടെ ആവശ്യകത മനസ്സിലാക്കി അടിയന്തര തീരുമാനങ്ങളെടുക്കുന്നതും ശൃംഖല തടസ്സപ്പെടാതെ ക്രമീകരണമൊരുക്കുന്നതും ഇവിടെയാണ്.
കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള വിപുല സംവിധാനവും വൈകാതെ നിലവിൽ വരും. സംസ്ഥാന വ്യാപകമായി ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും മഴമാപിനികളും സ്വന്തം നിലക്ക് സജ്ജമാക്കുന്നതിന് കഴിഞ്ഞ ദിവസം താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടികൾ വേഗത്തിലാക്കും. കെ.എസ്.ഇ.ബിയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അവരവരുടെ പ്രവർത്തന മേഖലകളില്‍ ആവശ്യാനുസൃത വിദഗ്ധപരിശീലനം നല്കുന്ന പദ്ധതിക്കും രൂപം നൽകിക്കഴിഞ്ഞു. ആറു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 3657 ജീവനക്കാര്‍ക്കാണ് ആദ്യഘട്ട പരിശീലനം. ജീവനക്കാര്‍ക്ക് 12 ദിവസത്തെ പരിശീലനം ഉറപ്പാക്കുന്നു. പരിശീലന ശേഷമുള്ള യോഗ്യത പരീക്ഷ വിജയിക്കണം. 25 ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലായി 40 പേരടങ്ങുന്ന 97 ബാച്ചുകളായി പരിശീലനം നല്‍കാനാണ് തീരുമാനം.
എല്ലാ മേഖലയിലെയും ആധുനീകരണത്തിനും വരുമാനചോർച്ചയടക്കാനും ജീവനക്കാരുടെ കാര്യക്ഷമത പ്രധാനമായതിനാൽ കാലാനുസൃത പരിശീലനം അനിവാര്യമെന്ന നിലപാടിലാണ് മാനേജ്മെന്റ്. സ്മാർട്ട് മീറ്റർ കൂടി വരുന്നതോടെ, കൃത്യമായ ആസൂത്രണം പ്രസരണ-വിതരണ മേഖലയിൽ നടത്താനാവുമെന്നാണ് പ്രതീക്ഷ. വിതരണ ട്രാൻസ്ഫോർമറുകളക്കം ഉൾപ്പെടുന്ന സിസ്റ്റം മീറ്ററുകൾ, സർക്കാർ സ്ഥാപനങ്ങളുടെ മീറ്ററുകൾ, എച്ച്.ടി ഉപഭോക്താക്കളുടെ മീറ്ററുകൾ എന്നിങ്ങനെ മൂന്നു ലക്ഷം മീറ്ററുകളാണ് ആദ്യഘട്ടം സജ്ജമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.