സൗരോർജം ബാധ്യത തന്നെ; വട്ടമേശ ചർച്ചയിലും ആവർത്തിച്ച് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: പുരപ്പുറ സൗരോർജ പ്ലാന്റുകളിൽനിന്ന് പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാധ്യതയാവുന്നുവെന്ന വാദം ആവർത്തിച്ച് കെ.എസ്.ഇ.ബി മാനേജ്മെന്റ്. സി.എം.ഡിയും ഡയറക്ടർ ബോർഡ് അംഗങ്ങളുമടക്കം പങ്കെടുത്ത ‘വട്ടമേശ ചർച്ച’യിലാണ് സോളാർ പ്ലാന്റുകൾ മൂലം നേരിടുന്ന നഷ്ടം അധികൃതർ വിശദീകരിച്ചത്.
നെറ്റ് മീറ്ററിങ് ഉൾപ്പെടെ സോളാറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം കെ.എസ്.ഇ.ബിയെ എങ്ങിനെ ബാധിക്കുന്നുവെന്ന് വിവിധ വിഭാഗങ്ങളിലെ ഡയറക്ടർമാരും എൻജിനീയർമാരും ചർച്ചയിൽ ചൂണ്ടിക്കാട്ടി.
കെ.എസ്.ഇ.ബിയുടെ പ്രവർത്തന രീതിയെക്കുറിച്ച് പൊതുജനങ്ങൾക്കടക്കം മനസ്സിലാകുന്നതിനായിരുന്നു രണ്ടര മണിക്കൂറോളം നീണ്ട ചർച്ച. പരിപാടിയുടെ വീഡിയോ ‘റൗണ്ട് ടേബിൾ ഡിസ്കഷൻ’ എന്ന പേരിൽ കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ങളിലൂടെയടക്കം കെ.എസ്.ഇ.ബി പുറത്തുവിടുകയായിരുന്നു.
2024-25 വർഷം സോളാർ വൈദ്യുതി മൂലം 526 കോടിയുടെ അധിക ബാധ്യത കെ.എസ്.ഇ.ബിക്ക് സംഭവിച്ചതായി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. നിലവിലെ സോളാർ ഉൽപാദകരുടെ ബില്ലിങ് രീതി മൂലം കെ.എസ്.ഇ.ബിക്കും സാധാരണ ഉപഭോക്താക്കൾക്കും സംഭവിക്കുന്ന നഷ്ടം, പകൽ വിവിധ കരാറുകൾ വഴി ലഭിക്കുന്ന വൈദ്യുതി സറണ്ടർ ചെയ്യുന്നത് മൂലമുണ്ടാവുന്ന ബാധ്യത, വിതരണ ശൃംഖലയിൽ സോളാർ വൈദ്യുതി സൃഷ്ടിക്കുന്ന ലോഡ് പ്രശ്നങ്ങൾ എന്നിവ ഇതിൽ വിശദീകരിക്കുന്നു.
പുനരുപയോഗ ഊർജ ചട്ട ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. അതേസമയം, വൈദ്യുത മേഖലയിലെ പ്രധാന പ്രശ്നം പുരപ്പുറ സോളാറാണെന്ന് അവതരിപ്പിക്കാൻ കെ.എസ്.ഇ.ബി ശ്രമിക്കുന്നുവെന്നാണ് സൗരോർജ ഉൽപാദകരുടെ വാദം. പെരുപ്പിച്ച നഷ്ടക്കണക്കുകളാണ് കെ.എസ്.ഇ.ബി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അവതരിപ്പിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സോളാർ, കാറ്റാടി നിലയങ്ങളിൽനിന്ന് വലിയ ഏറ്റക്കുറച്ചിലുകളോടെ വൈദ്യുതിയെത്തുന്നത് പ്രസരണ-വിതരണ ശൃംഖലയെ ബാധിക്കുന്നുവെന്ന നിലപാട് കേന്ദ്ര ഊർജ മന്ത്രാലയവും സ്വീകരിച്ചത് സോളാർ ഉൽപാദന മേഖല ഗൗരവത്തോടെയാണ് കാണുന്നത്. കാറ്റും വെയിലും പ്രവചനാതീതമായതിനാൽ ഇതിനെ ആശ്രയിച്ചുള്ള വൈദ്യുതി പ്രതീക്ഷിച്ച് അഭ്യന്തര ഉൽപാദനം ഉൾപ്പെടെ ക്രമീകരിക്കൽ ശ്രമകരമാണ്.
കേരളത്തിൽ സോളാറുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഉന്നയിക്കുന്ന വാദങ്ങൾ ശരിവെക്കുന്ന കേന്ദ്ര നിലപാട്, ഭാവിയിൽ ഗ്രിഡിലെ ലോഡ് നിയന്ത്രിക്കുന്ന പരിഷ്കാരങ്ങളിലേക്ക് നയിക്കുമോയെന്ന ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

