വൈദ്യുതി വാങ്ങലിലെ കരുതലും വേനൽമഴയും; ആറു മാസംകൊണ്ട് 2303 കോടി ലാഭിച്ച് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: ആറു മാസത്തെ കണക്കുപ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതിവാങ്ങലിൽ കെ.എസ്.ഇ.ബി ലാഭിച്ചത് 2303 കോടി രൂപ. മഴ ലഭിച്ചതും വൈദ്യുതിവാങ്ങലിലുള്ള ശ്രദ്ധയുമാണ് ജൂൺ 30 വരെയുള്ള ബാലൻസ് ഷീറ്റിൽ വൻകുറവ് രേഖപ്പെടുത്താനിടയാക്കിയത്. വൈദ്യുതിവാങ്ങലിലുള്ള കുറവ് തുടരുകയാണെങ്കിൽ താരിഫ് വർധന വരുത്താതെ കെ.എസ്.ഇ.ബിക്ക് മുന്നോട്ടുപോകാനുള്ള സാധ്യതയാണ് തെളിയുന്നത്.
2025 ജനുവരി മുതൽ മാർച്ച് 31 വരെയുള്ള ആദ്യ മൂന്നു മാസത്തെ വൈദ്യുതി വാങ്ങലിൽ മുൻ വർഷത്തെ അപേക്ഷിച്ച് 1195.60 കോടി രൂപയും ഏപ്രിൽ ഒന്നു മുതൽ ജൂൺ 31 വരെയുള്ള കഴിഞ്ഞ ദിവസമിറങ്ങിയ ത്രൈമാസ റിപ്പോർട്ടിൽ 1108.10 കോടി രൂപയുടെ കുറവുമാണുള്ളത്. അപ്രകാരം അർധവാർഷിക ബാലൻസ് ഷീറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2303.70 കോടി രൂപയുടെ റെക്കോഡ് കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ ജനുവരി മുതൽ ആദ്യ മൂന്നു മാസത്തെ ലാഭം 692.39 കോടിയും ജൂൺ 31 വരെയുള്ള രണ്ടാം ത്രൈമാസ ലാഭം 687.72 കോടിയുമാണ്. ആകെ 1380 .11 കോടി രൂപ.
വേനൽമഴ തുണച്ചതിനാൽ ഉപഭോഗത്തിൽ കാര്യമായ കുറവ് വന്നു. വൈദ്യുതി വാങ്ങലിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ (സ്വാപ്) വൈദ്യുതി വാങ്ങുന്ന രീതി കൊണ്ടുവന്നു. ആവശ്യകത കൂടുതലുള്ള സമയങ്ങളിൽ മാത്രമായി വൈദ്യുതി വാങ്ങി ചെലവ് ചുരുക്കി.
ജൂലൈ മാസം മുതലുള്ള അടുത്ത ത്രൈമാസ കണക്കുകളിലും വൈദ്യുതി വാങ്ങലിൽ വൻ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3000 കോടി രൂപയുടെ കുറവ് വൈദ്യുതി വാങ്ങലിൽ മാത്രമായി ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ താരിഫ് വർധന സമയത്ത് കമീഷൻ വിലയിരുത്തിയ നഷ്ടം 731 കോടി രൂപ മാത്രമായിരുന്നു. 2303 കോടിയുടെ വൈദ്യുതി വാങ്ങലിലെ കുറവിന്റെ പശ്ചാത്തലത്തിൽ താരിഫ് വർധന ഒഴിവാക്കാവുന്നതുമാണ്.
അതേസമയം, വൈദ്യുതി വിതരണ കമ്പനിയുടെ മുൻകാല നഷ്ടം നികത്താൻ സംസ്ഥാന റെഗുലേറ്ററി കമീഷനുകളോട് സുപ്രീംകോടതി നിർദേശിച്ച പശ്ചാത്തലത്തിൽ റെഗുലേറ്റററി ആസ്തിയായ 6600 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ഇ.ബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

