കെ.എസ്.ഇ.ബിയിലെ പുനഃസംഘടന കരടുരേഖയായി; തസ്തികകൾ വെട്ടിക്കുറക്കാൻ നീക്കം
text_fieldsതൃശൂർ: കെ.എസ്.ഇ.ബിയിൽ പുറംകരാർ സേവനത്തിന് സാഹചര്യമൊരുക്കാനുള്ള നിർദേശങ്ങളുമായി വൈദ്യുതി വിതരണവിഭാഗത്തിെൻറ പുനഃസംഘടന കരടുരേഖ. പൊതുജനങ്ങൾക്ക് സേവനങ്ങൾ അപ്രാപ്യമാക്കുംവിധം ജീവനക്കാരുടെ പുനഃക്രമീകരണം നിർദേശിക്കുന്ന രേഖ പ്രാവർത്തികമാക്കിയാൽ വിതരണ വിഭാഗത്തിൽ മാത്രം 4000 തസ്തികകൾ വെട്ക്കപ്പെടുമെന്നാണ് ആശങ്ക. ചീഫ് എൻജിനീയർ എസ്. പരമേശ്വരെൻറ നേതൃത്വത്തിൽ എട്ടംഗ കമ്മിറ്റി തയാറാക്കിയ കരടുരേഖ വിശദ ചർച്ചകൾക്കായി തൊഴിലാളി യൂനിയനുകൾക്ക് കൈമാറി. ബോർഡിലെ 35,000 ജീവനക്കാരിൽ 4400 പേർ പ്രസരണവിഭാഗത്തിലും1500 പേർ ഉൽപാദന വിഭാഗത്തിലുമാണുള്ളത്. ബാക്കി ഭൂരിഭാഗം ജീവനക്കാരും ജോലി ചെയ്യുന്ന, പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന വിതരണ വിഭാഗത്തിലാണ് അഴിച്ചുപണി. നിലവിൽ 30,000 ത്തോളം പേരുള്ള വിഭാഗത്തിൽ ഈ വർഷം 763 പേരാണ് വിരമിക്കുന്നത്. ഇതിൽ പകരം നിയമനമുണ്ടാകില്ല.
കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ ഊർജ വിതരണ ശൃംഖലകൾ സ്വകാര്യവത്കരിച്ചിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങളെ ആ തീരുമാനത്തിലേക്കെത്തിക്കാനാണ് കേന്ദ്രനിർദേശം. ഫീൽഡ് വിഭാഗം ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ച് ഓഫിസ് ജീവനക്കാരെ അതേപടി നിലനിർത്തി ബോർഡിനെ വൻ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് കരടുരേഖയിലെ നിർദേശങ്ങൾ. വൈദ്യുതി തകരാർ പരിഹരിക്കാനും റവന്യൂ കലക്ഷനുകൾ എടുക്കാനുമുള്ളവയെന്ന നിലയിൽ സെക്ഷൻ ഓഫിസുകളെ റവന്യൂ -ബ്രേക്ക്ഡൗൺ വിങ്ങുകളാക്കി നിലനിർത്തണമെന്നാണ് നിർദേശം. തകരാർ പരിഹരിക്കാനുള്ള ഓഫിസുകളാക്കി സെക്ഷൻ ഓഫിസുകളെ മാറ്റി മൂന്നിലൊന്ന് ജീവനക്കാരെ സബ്ഡിവിഷൻ ഓഫിസിലേക്ക് മെയിൻറനൻസ് ചുമതലക്ക് നൽകാനുള്ള നിർദേശവും കരടുരേഖയിലുണ്ട്.
നിലവിൽ സെക്ഷൻ ഓഫിസിൽ തകരാർ പരിഹരിക്കാൻ എട്ട് ലൈൻമാൻമാർ, മൂന്ന് ഓവർസിയർ, സബ് എൻജിനീയർ എന്നിവരാണുള്ളത്. ഇതിനെ മൂന്ന് ഷിഫ്റ്റടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാനാണ് നിർദേശം. അപ്പോൾ രണ്ട് ലൈൻമാൻ, ഒരു ഓവർസിയർ, ഒരു സബ് എൻജിനീയർ എന്നിവരാണ് ഒരേസമയം ഉണ്ടാകുക. ഈ അംഗസംഖ്യക്ക് ഏറ്റെടുക്കാൻ കഴിയാത്ത ജോലിഭാരമാണ് ഉണ്ടാകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.