കറന്റ് തിന്നും കാലം; 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ജൂലൈയിൽ
text_fieldsതിരുവനന്തപുരം: ജൂലൈയിലെ പരമാവധി പ്രതിദിന വൈദ്യുതി ഉപയോഗം കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്ന് കെ.എസ്.ഇ.ബി. 2025നെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2018 പ്രളയ വർഷത്തിൽ വൈദ്യുതി ഉപഭോഗം അസാധാരണമായി കുറഞ്ഞതിനാലാണ് 2019ൽ താരതമ്യേന ഉയർന്ന വർധനവ് രേഖപ്പെടുത്തിയത്. 2016ൽ 60 ദശലക്ഷം യൂനിറ്റായിരുന്നു പ്രതിദിന ഉപയോഗം. കഴിഞ്ഞ രണ്ട് വർഷം അത് 76 ദശലക്ഷം യൂനിറ്റായി. ജൂലൈ വരെ മാത്രം 86 ദശലക്ഷത്തിലേക്ക് അത് ഉയർന്നു.
മഴകുറഞ്ഞതും എ.സിയുടെ ഉപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗത്തിന്റെ നിരക്ക് വർധനക്ക് പ്രധാനകാരണം. കേരളത്തിലെ എല്ലാ എ.സികളും 25 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്താൽ ഒരു ലക്ഷം യൂനിറ്റ് വൈദ്യുതി ലാഭിക്കാനാകും. കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ വൈദ്യുത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
മഴയില്ല, ഡാമുകളിൽ വെള്ളവുമില്ല. ഉപഭോക്താക്കൾ സഹകരിച്ചാലേ വൈദ്യുതി ഉപഭോഗം കുറക്കാൻ സാധിക്കൂ. പകൽ സമയത്തോ രാത്രി രണ്ടിനുശേഷമോ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യണം. ഇൻഡക്ഷൻ കുക്കർ, വാഷിങ് മെഷീൻ, പമ്പുകൾ എന്നിവ രാത്രി ഏഴിനുശേഷം ഉപയോഗിക്കരുത്. അലങ്കാര വിളക്കുകൾ പൂർണമായി ഒഴിവാക്കണം. അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും രാത്രി ഏഴിനുശേഷം ഉപയോഗിക്കരുതെന്നും കെ.എസ്.ഇ.ബി നിർദേശിച്ചു.
മഴ കുറവായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ് വിശദീകരിക്കുന്നു. 4.29 പൈസക്ക് കിട്ടുമായിരുന്ന വൈദ്യുതി കരാര്‍ റദ്ദായതും പ്രതിസന്ധിയുണ്ടാക്കി. പകല്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സംവിധാനമില്ല. വായ്പ വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടിവരുന്നു. പകലും രാത്രിയും കൂടി മാത്രമേ അധിക വൈദ്യുതി കിട്ടൂ. വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ തന്നെ 850 കോടി രൂപ ചെലവഴിക്കേണ്ടിവരും. 1600 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തില്‍ ഉൽപാദിപ്പിക്കുന്നത്. 4500 മുതല്‍ 5000 മെഗാവാട്ട് വരെയാണ് കേരളത്തിന്റെ ആവശ്യമെന്നും മന്ത്രിയും ബോർഡും വ്യക്തമാക്കുന്നു.
ആസൂത്രണത്തിൽ വീഴ്ച; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷന്റെ രൂക്ഷവിമർശനം
തിരുവനന്തപുരം: ആസൂത്രണത്തിൽ കെ.എസ്.ഇ.ബി വീഴ്ചവരുത്തുന്നതായി വൈദ്യുതി റെഗുലേറ്ററി കമീഷന്‍റെ വിമർശനം. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ടെൻഡറുകൾ ജൂലൈ ഒന്നിന് സ്റ്റാൻഡിങ് കമ്മിറ്റിയും രണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റിയും അംഗീകരിച്ചതാണ്. അനുമതിക്കായി കമീഷന് അപേക്ഷ നൽകിയത് 14 ദിവസം കഴിഞ്ഞാണ്. വൈദ്യുതിനിയന്ത്രണം നിലനിൽക്കേ ഇത്ര വൈകിയത് അംഗീകരിക്കാനാവില്ലെന്ന് കമീഷൻ കുറ്റപ്പെടുത്തി. വൈദ്യുതിഭവനിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള കമീഷൻ ഓഫിസിലേക്ക് തീരുമാനമെത്താൻ 14 ദിവസം വേണോ?
പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമായിരിക്കേ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയത് വീഴ്ചയാണ്. യൂനിറ്റിന് 5.96 രൂപക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിലെ ലാഭനഷ്ടങ്ങൾ ബോർഡ് വിലയിരുത്തിയില്ല. 22 ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിന് അത് കഴിയാത്തതിൽ കമീഷൻ അതൃപ്തി അറിയിച്ചു. പകൽ വൈദ്യുതി മിച്ചമായതിനാൽ പുറമേനിന്ന് വാങ്ങുന്നതിൽ ഒരു കോടി യൂനിറ്റാണ് ദിവസേന വേണ്ടെന്നുവെക്കുന്നത്. ഇതിന് ഫിക്സഡ് ചാർജ് നൽകണം. ഇത് ബോർഡിന് നഷ്ടമുണ്ടാക്കുന്നു. ഇപ്പോൾ അധികമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത് പകൽസമയത്തേക്കും ലഭിക്കും. അതോടെ മിച്ചം 1.2 കോടി യൂനിറ്റായി ഉയരും. പകൽ വൈദ്യുതി ഉപഭോഗ നിരക്കിൽ പത്ത് ശതമാനം മാത്രമാണ് ഇളവ് നൽകുന്നത്. ഇത് 25 ശതമാനമാക്കിയാൽ ഉപഭോഗം കൂടും. ആവശ്യപ്പെട്ടിട്ടും ഈ ഇളവ് നൽകാൻ ഉദ്യോഗസ്ഥർ താൽപര്യപ്പെടുന്നില്ല.
സോളാർ വൈദ്യുതി ശേഖരിക്കാനുള്ള ബാറ്ററി സ്റ്റോറേജ് നിലയങ്ങളുടെ നിർമാണപുരോഗതി കമീഷൻ തേടിയെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. ജൂലൈയിൽ അസാധാരണ സാഹചര്യമുണ്ടായിട്ടും ഏപ്രിലിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വൈദ്യുതി ആവശ്യകത കണക്കാക്കുന്നതിലെ അശാസ്ത്രീയത കമീഷൻ ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിക്ക് തോന്നുംപടി വൈദ്യുതി നിയന്ത്രിക്കാനാവില്ല.
ലോഡ് ഷെഡിങ്ങിന് സാധ്യതയുള്ള സമയവും ദൈർഘ്യവും ജനത്തെ മുൻകൂട്ടി അറിയിക്കണം. ഒരു പ്രദേശത്ത് ഒരാഴ്ച ഒരേസമയം നിയന്ത്രണം ഏർപ്പെടുത്തണം. കമീഷൻ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ സമ്മതമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഉപഭോക്താക്കൾക്ക് എസ്.എം.എസ് നൽകാൻ കെ.എസ്.ഇ.ബിക്ക് സംവിധാനമില്ലേയെന്നും കമീഷൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

