വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു, പൊലീസിൽ പരാതി
text_fieldsതിരുവല്ല: വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ എത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. കെ.എസ്.ഇ.ബി കല്ലിശ്ശേരി സെക്ഷൻ പരിധിയിലെ ലൈൻമാനായ ആലപ്പുഴ മുഹമ്മ രജതം വീട്ടിൽ ആർ. രഞ്ജിത്തിനാണ് കടിയേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
കുറ്റൂർ എട്ടാം വാർഡിൽ മുള്ളിപ്പാറ തെക്കേതിൽ വീട്ടിൽ എം.കെ. സുകുമാരന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ എത്തിയപ്പോഴാണ് രഞ്ജിത്തിന് നായയുടെ കടിയേറ്റത്. സുകുമാരന്റെ മകൻ ശ്രീക്കുട്ടനും കുടുംബവും ആണ് വീട്ടിൽ താമസം. കഴിഞ്ഞ പതിനേഴിനായിരുന്നു വൈദ്യുതി ബിൽ അടക്കേണ്ട അവസാന ദിവസം. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഞ്ജിത്ത് ശ്രീക്കുട്ടനെ ഫോണിൽ വിളിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 11 ആയിട്ടും ബിൽ തുക അടയ്ക്കാതെ വന്നതോടെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ തുക അടക്കാൻ കഴിയില്ലെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കാനും വീട്ടുകാർ പറഞ്ഞതായി രഞ്ജിത്ത് പറയുന്നു.
പിന്നാലെ രഞ്ജിത്തും സഹപ്രവർത്തകനായ ജയലാലും വീട്ടിൽ എത്തിയപ്പോഴായിരുന്നു വളർത്തു നായയെ തുറന്നുവിട്ടത്. നായ വരുന്നത് കണ്ട് മീറ്റർ പരിശോധിക്കുകയായിരുന്ന രഞ്ജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ നായ ചാടിവീണ് ഇടതുകാലിൽ കടിച്ചു. തുടർന്ന് രഞ്ജിത്ത് മറിഞ്ഞുവീണു. ഇടത് കാൽമുട്ടിന് താഴെ കടിയേറ്റ രഞ്ജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് അസി. എൻജിനീയർ സന്തോഷ് സുകുമാരൻ തിരുവല്ല പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് തിരുവല്ല എസ്.എച്ച്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

