സ്ഥാനക്കയറ്റ തസ്തികകൾ പകുതിയാക്കും; പകുതി തസ്തികകൾ വെട്ടിക്കുറച്ച് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: പകുതി തസ്തികകൾ വെട്ടിക്കുറച്ച് കെ.എസ്.ഇ.ബി സിവിൽ വിഭാഗം പുനഃസംഘടിപ്പിക്കുന്നു. സിവിൽ വിഭാഗത്തിൽ 50ൽ കൂടുതൽ അസി. എൻജിനീയർമാർ ഉണ്ടാകാത്തവിധമായിരിക്കും പുതുതായി നിയമനം നടത്തുകയെന്ന് ചെയർമാൻ ഉദ്യോഗസ്ഥ സംഘടനകൾക്കു നൽകിയ കത്തിൽ വ്യക്തമാക്കി. നിലവിൽ നൂറോളം അസി. എൻജിനീയർമാരാണ് ഈ വിഭാഗത്തിലുള്ളത്.
ഇടുക്കി പദ്ധതിപോലെയുള്ള വൻകിട പദ്ധതികളുടെ നിർമാണം നടന്ന 1970കളിലെയും 1980കളിലെയും തസ്തികകൾ ഇപ്പോൾ ആവശ്യമില്ലെന്നും സ്ഥാനക്കയറ്റ തസ്തികകൾ പകുതിയാക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. നിലവിൽ ഈ തസ്തികകളിലിരിക്കുന്നവർ വിരമിക്കുകയോ സ്ഥാനക്കയറ്റം കിട്ടുകയോ ചെയ്യുന്ന മുറക്ക് ആ തസ്തികകൾ വാനിഷിങ് കാറ്റഗറിയായി പരിഗണിക്കും.
സിവിൽ വിഭാഗത്തെ ബിൽഡിങ്സ് എന്നും പ്രോജക്ട്സ് എന്നും രണ്ടു വിഭാഗങ്ങളായി പുനഃസംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. സിവിൽ എൻജിനീയർമാർ പദ്ധതിപ്രദേശത്തിനു പകരം അവരുടെ സൗകര്യാർഥം നഗരങ്ങളിലെ ഓഫിസുകളിൽ ജോലി ചെയ്യുകയാണെന്നാണ് ചെയർമാന്റെ ആരോപണം.
കെ.എസ്.ഇ.ബി സിവിൽ എൻജിനീയറിങ് വിഭാഗത്തെ ഏൽപിച്ച പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽ എട്ടുമാസം കഴിഞ്ഞിട്ടും പുരോഗതിയുണ്ടായിട്ടില്ല. വിശദ പദ്ധതിരേഖ തയാറാക്കാനോ ടെൻഡർ ചെയ്യാനോ അവർ താൽപര്യം കാട്ടുന്നില്ല. കെ.എസ്.ഇ.ബിക്ക് നഷ്ടം വരുത്തി ചിലർ മറ്റു വകുപ്പുകൾക്കുവേണ്ടിയുള്ള പദ്ധതി ജോലികൾ ചെയ്യുന്നുണ്ടെന്നും ചെയർമാൻ കത്തിൽ തുറന്നടിക്കുന്നു.
ഇൻവെസ്റ്റിഗേഷൻ, ഡാം സേഫ്റ്റി തുടങ്ങി കേവലം 183 കോടി ചെലവുള്ള ഡ്രിപ് ആൻഡ് ഡാം സേഫ്റ്റിക്കുവേണ്ടി നൂറോളം സിവിൽ എൻജിനീയർമാരുടെയും മറ്റു ജീവനക്കാരുടെയും സന്നാഹംതന്നെയുണ്ട്. എന്നാൽ, 2280 കോടി ചെലവുള്ള ആർ.ഡി.എസ്.എസ് പദ്ധതിക്കായി ചെറിയ സംഘമാണുള്ളത്.
ഇടുക്കിയിലെ മൂന്നാർ ഭാഗങ്ങളിലാണ് കൂടുതൽ പദ്ധതികളുള്ളത്. ഇവിടെ 2670 ക്വാർട്ടേഴ്സുകളുണ്ടെങ്കിലും കാലിത്തൊഴുത്തിനേക്കാൾ മോശമാണെന്നും തിരിഞ്ഞുനോക്കാൻ സിവിൽ എൻജിനീയർമാരില്ലെന്നും ചെയർമാൻ ആരോപിച്ചിരുന്നു. കോർപറേറ്റ് പ്ലാനിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താൽപര്യവും കഴിവുമുള്ള സിവിൽ-ഇലക്ട്രിക്കൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.
റിസർച് ആൻഡ് ഡെവലപ്മെന്റ് എന്ന രീതിയിൽ പുറത്തുനിന്ന് ഗൈഡുകൾക്കും ഗവേഷകർക്കും വൈദ്യുതി മേഖലയിൽ ഗവേഷണത്തിന് അവസരം കൊടുക്കാനും പദ്ധതിയുണ്ട്. സാധനസാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം രൂപവത്കരിക്കും. ഐ.ടി വിഭാഗം പുനഃസംഘടിപ്പിക്കും. ഐ.ടി വിഭാഗത്തിലുള്ള 15ഓളം ആപ്പുകൾ സംയോജിപ്പിച്ച് ഒരൊറ്റ ആപ്പിലേക്ക് കൊണ്ടുവരും. ഉപഭോക്താവിന് വേണ്ടതെല്ലാം മൊബൈൽ ആപ് വഴി ലഭ്യമാക്കും. കാൾ സെന്റർ സേവനം ലഭ്യമാക്കാൻ ആവശ്യമായ നടപടിക്കുള്ള നിർദേശങ്ങളും ഓഫിസർമാരുടെ സംഘടനയോട് ചോദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

