You are here

സ്വകാര്യ ജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് രാഷ്ട്രീയ ധർമമല്ല -കെ.എസ് ശബരിനാഥൻ

10:18 AM
19/03/2018

കോഴിക്കോട്: റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്‍റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി വിവാദമായതിൽ പ്രതികരണവുമായി ഭർത്താവും എം.എൽ.എയുമായ കെ.എസ് ശബരിനാഥൻ. സ്വന്തം രാഷ്ട്രീയ ലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധർമ്മമല്ലെന്ന് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. 

വിവാഹ സമയത്തു തങ്ങൾ ഇരുവരും പറഞ്ഞതു പോലെ ഔദ്യോഗിക വൃത്തിയിൽ പരസ്പരം ഇടപെടാറില്ല. പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്‍റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപ്പോയി. പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ടെന്നും അത് ഭദ്രമായി കാത്തുസൂക്ഷിക്കുമെന്നും ശബരിനാഥൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
ഇന്നലെ രാവിലെ മുതൽ നവ മാധ്യമങ്ങളിലും പത്രത്തിലും വർക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്‍റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു.

ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് വർക്കല എം.എൽ.എ ശ്രീ വി. ജോയ് തന്നെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്. ഈ വിഷയം അറിയില്ല, നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ച ചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനു ശേഷം ശ്രീ ജോയ് തന്നെ, ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപ്പെട്ട മന്ത്രി സമക്ഷം പരാതി കൊടുത്തതിൽ ദുരൂഹതയുണ്ട്.

സർക്കാരിന്‍റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതി വിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടു പോകുന്നത് സാധാരണയാണ്. എന്നാൽ, ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധർമ്മമല്ല.

വിവാഹ സമയത്തു നമ്മൾ ഇരുവരും പറഞ്ഞതു പോലെ ഔദ്യോഗിക വൃത്തിയിൽ പരസ്പരം ഇടപെടാറില്ല. പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്‍റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയി. പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ട്‌, അത് നമ്മൾ ഭദ്രമായി കാത്തുസൂക്ഷിക്കും.

റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്‍റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടിയാണ് വിവാദത്തിലായത്. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള  റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തു കൊണ്ട് ദിവ്യ എസ്. അയ്യർ ഉത്തരവിറക്കിയത്. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. എന്നാൽ, നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. 

സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19നാണ് വര്‍ക്കല തഹസില്‍ദാര്‍ എന്‍ രാജു 27 സെന്‍റ് സ്ഥലം തിരിച്ച് പിടിച്ചത്. നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. ഇതിനെതിരെ സ്ഥലമുടമ ജെ. ലിജി ഹൈകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി തഹസില്‍ദാര്‍ നടപടിയെടുത്തുവെന്നായിരുന്നു പ്രധാന ആക്ഷേപം. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ ചുമതലപ്പെടുത്തി ജ‍ഡ്‍ജ് പി.ബി സുരേഷ്കുമാര്‍ ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കലക്ടര്‍ ഉത്തരവിട്ടത്. 

താലൂക്ക് സര്‍വേയറുടെ സഹായത്തോടെ ഭൂമി അളന്ന് തിരിച്ച് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പരാതിക്കാരി ഹൈകോടതിയെ  സമീപിച്ചപ്പോള്‍ എതിര്‍റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. പിന്നീട് മറ്റൊരു അപേക്ഷ നല്‍കിയാണ് സബ്കലക്ടറെ കേസില്‍ ആറാം കക്ഷിയാക്കിയത്. ഇതില്‍ ദുരൂഹത ഉയരുന്നുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്ത ബന്ധുവാണ് സ്ഥലമുടമ.


 

Loading...
COMMENTS