‘സദുദ്ദേശ്യപരമെങ്കിലും രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് വീഴ്ചയാണ്’; ദിവ്യ എസ്.അയ്യരെ വിമർശിച്ച് ശബരിനാഥൻ
text_fieldsശബരിനാഥൻ, ദിവ്യ എസ്.അയ്യർ, കെ.കെ. രാഗേഷ്
തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത് ശരിയല്ലെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ. സദുദ്ദേശ്യപരമെങ്കിലും രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് വീഴ്ചയാണ്. സർക്കാറിനെയും നയങ്ങളെയും അഭിനന്ദിക്കാം, പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ചയാളെ അഭിനന്ദിക്കുന്നത് അതുപോലെ അല്ലെന്നും ദിവ്യയുടെ ഭർത്താവ് കൂടിയായ ശബരിനാഥൻ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനമുയർന്നതോടെയാണ് ദിവ്യയെ തള്ളി ശബരിനാഥൻ രംഗത്തുവന്നത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ദിവ്യക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. ജി. കാർത്തികേയനെതിരെ വിമർശനമുയർന്നതോടെയാണ് ശബരിനാഥന്‍റെ പ്രതികരണം. രാഷ്ട്രീയ നിയമനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ അഭിനന്ദനമറിയിച്ച് പോസ്റ്റിട്ടത് ശരിയല്ലെന്ന് ശബരിനാഥൻ വ്യക്തമാക്കി.
അതേസമയം ദിവ്യ എസ്. അയ്യരെ പിന്തുണച്ച് കെ.കെ. രാഗേഷ് രംഗത്തെത്തി. കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ശരിയല്ലെന്നും ദിവ്യക്ക് സൈബറിടത്തിൽ നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ അംഗീകരിക്കാനാകില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ്. അയ്യർ ഐ.എ.എസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സി.പി.എം നേതാക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സിവിൽ സർവീസ് ഉദ്യോഗസ്ഥയെന്ന നിലയിൽ പെരുമാറ്റചട്ടം ലംഘിച്ചെന്നുമാണ് ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.