യുക്രെയ്നിൽനിന്ന് തിരികെ; കൃഷ്ണേന്ദുവിന് രണ്ടാം ജന്മം
text_fieldsകൃഷ്ണേന്ദു കുടുംബത്തോടൊപ്പം (വലത്ത്)
അന്തിക്കാട്: യുക്രെയ്നിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് മാതാപിതാക്കളുടെ അടുത്ത് തിരികെയെത്തിയ അമലേന്ദുവിന് ഇത് രണ്ടാം ജന്മം. അന്തിക്കാട് പാന്തോട് സ്വദേശി കോരശേരി വീട്ടിൽ സന്തോഷിന്റെയും പ്രീജയുടെയും മകൾ അമലേന്ദു (24) ബുധനാഴ്ച പുലർച്ചെയാണ് അന്തിക്കാട്ടെ വീടെത്തിയത്.
യുക്രെയ്നിലെ ഫ്രാങ്ക്വിസ്ക് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ആറാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് അമലേന്ദു. പഠനം പൂർത്തിയാക്കാൻ രണ്ടു മാസം കൂടി അവശേഷിക്കേയാണ് എല്ലാം ഉപേക്ഷിച്ചുള്ള മടക്കം. യുദ്ധ സന്നാഹം തുടങ്ങിയതു മുതൽ വിദ്യാർഥികൾ താമസിക്കുന്ന ഫ്ലാറ്റുകളിൽ തന്നെ പേടിച്ച് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. ഇടക്ക് ഒരുവട്ടം അപായ സൈറൻ മുഴങ്ങിയപ്പോൾ ജീവരക്ഷാർഥം ബങ്കറിലേക്ക് ഓടിയതും അമലേന്ദു ഓർക്കുന്നു.
എംബസിയിൽനിന്ന് ഇന്ത്യക്കാരായ ആയിരം വിദ്യാർഥികളെ അതിത്തിയിൽ എത്തിക്കാൻ ഇവർ പഠിക്കുന്ന മെഡിക്കൽ യൂനിവേഴ്സിറ്റിക്ക് നിർദേശം വന്നു. എന്നാൽ ഇത് കരാറെടുത്ത ഏജൻസികളുടെ പക്ഷപാതപരമായ നടപടികൾ മൂലം കൃഷ്ണേന്ദു അടക്കം 17 മലയാളി വിദ്യാർഥികൾക്ക് വാഹനത്തിൽ കയറാനായില്ല. തുടർന്ന് ഇവർ സ്വയം ബസ് വാടകക്കെടുത്ത് ഹംഗറി അതിർത്തിയിലെത്തി. എട്ട് മണിക്കൂർ നേരത്തെ യാത്രക്കു ശേഷം ചോപ്പ് റെയിൽവേ സ്റ്റേഷനിലെത്തിയ വിദ്യാർഥികൾക്ക് പൊലീസ് ട്രാൻസിസ്റ്റ് വിസ നൽകി. തുടർന്ന് ബുഡാപെസ്റ്റ് ഇന്റർനാഷനൽ എയർ പോർട്ടിൽനിന്ന് ഇന്ത്യൻ എംബസി വളന്റിയർമാരുടെ സഹായത്തോടെ ഡൽഹിയിലെത്തി.
നോർക്ക അധികൃതർ നൽകിയ ഭക്ഷണം കഴിച്ച ശേഷം ബുധനാഴ്ച പുലർച്ചെ 4.25 ന് അമലേന്ദുവും കൂട്ടുകാരും നെടുമ്പാശേരി എയർപോർട്ടിലെത്തി. കാത്തു നിന്ന അച്ഛനും അമ്മയും സഹോദരൻ അലനുമൊപ്പം വീടെത്തിയ അമലേന്ദുവിനെ കണ്ടതോടെ അച്ചമ്മയുടെ മറ്റു കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മനസ്സിലെ ആധിയൊഴിഞ്ഞു.
ദുരിതപർവം താണ്ടി രണ്ട് വിദ്യാർഥിനികൾ ജന്മനാട്ടിൽ
മേത്തല: യുക്രെയ്ൻ യുദ്ധഭൂമിയിൽനിന്ന് നീണ്ട യാത്രക്കൊടുവിൽ രണ്ട് വിദ്യാർഥിനികൾ ജന്മനാട്ടിലെത്തി. കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ടക്ക് സമീപം താമസിക്കുന്ന രണ്ട് വിദ്യാർഥിനികളാണ് ബുധനാഴ്ച രാത്രിയോടെ നാട്ടിലെത്തിയത്. കാച്ചിപ്പിള്ളി വീട്ടിൽ റിജു കെ. ചെറിയാന്റെ മകൾ റോഷ മേരി ഫ്രാൻസിസ് (24), വാഴക്കൂട്ടത്തിൽ ഷമ്മിയുടെ മകൾ ലിസ്ന ഷമ്മി (19) എന്നിവരാണ് റുമേനിയയിൽനിന്ന് ഡൽഹിയിലെത്തിയ ശേഷം ബുധനാഴ്ച രാത്രിയോടെ നോർക്കയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും സ്വീകരണത്തിന് ശേഷം വീട്ടിലെത്തിയത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി മുൾമുനയിൽ കഴിഞ്ഞിരുന്ന വിട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായി. കിയവിലെ ആൻഡ്യുകൃപസ്ക്കി ലിവ് മെഡിക്കൽ അക്കാദമിയിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയാണ് റോഷ മേരി. റോഷ മേരി ഉൾപ്പെടുന്ന ആറംഗ ഇന്ത്യൻ വിദ്യാർഥി സംഘം 95 കി.മീറ്റർ നടന്ന് നാല് ദിവസത്തിന് ശേഷം ദുരന്തമുഖത്തുനിന്ന് നടുക്കുന്ന ഓർമകളുമായാണ് റുമേനിയയുടെ അതിർത്തിയിലെത്തിയത്. യുദ്ധം തുടങ്ങുന്നതിനുമുമ്പുതന്നെ ഭക്ഷണവും വെള്ളവും കരുതണമെന്ന മുന്നറിയിപ്പ് ഇന്ത്യൻ എംബസിയിൽനിന്ന് ലഭിച്ചിരുന്നതായി റോഷ മേരി പറഞ്ഞു. ആക്രമണം തുടങ്ങിയതോടെ ഏറ്റവും അടുത്തുള്ള അതിർത്തിയിലേക്ക് എത്താൻ 75 കി.മീറ്റർ സഞ്ചരിച്ചെങ്കിലും യുക്രെയ്ൻ പൊലീസ് ആദ്യം തിരിച്ച് വിടുകയായിരുന്നു.
തുടർന്ന് 30 കി.മീറ്റർ തിരിച്ചുനടന്ന് ഷെൽട്ടറിൽ എത്തി. തൊട്ടടുത്ത ദിവസം ഷിയാങ്കി ബോർഡറിലേക്ക് ബസ് വഴി യാത്രക്ക് സൗകര്യം ഒരുക്കിയപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചതോടെ ചെക്ക്പോസ്റ്റിൽ കുടുങ്ങി. തുടർന്ന് ഹംഗറിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാല് ദിവസത്തെ യാത്രക്കൊടുവിൽ 95 കി.മീ. ദൂരവും താണ്ടി ഭക്ഷണമില്ലാതെ കൊടും തണുപ്പത്ത് വെസ്റ്റ് യുക്രെയ്ൻ വഴി റുമേനിയയിൽ എത്തുകയായിരുന്നു. നീണ്ട ക്യൂവുമായിരുന്നു. തുടർന്നാണ് വിമാനത്തിൽ ഡൽഹിയിലെത്തിയത്. ലിസ്ന ഷമ്മി ഇവാനോ ഫ്രാങ്കിക്ക് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. ഇവരോടൊപ്പം ഡോക്ടർ ഉൾപ്പെടുന്ന സംഘം ഉണ്ടായതിനാൽ ബസ് മാർഗം റുമേനിയിലെത്തിയ ശേഷം വിമാനത്തിൽ ഡൽഹിയിലേക്ക് എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

