അന്യജീവനുതകി സ്വജീവിതം ധന്യമാക്കി കൃഷ്ണലാൽ; കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ
text_fieldsതിരുവനന്തപുരത്തുനിന്ന് കൃഷ്ണലാലിന്‍റെ ഹൃദയം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ
ഗാന്ധിനഗർ(കോട്ടയം)/തിരുവനന്തപുരം: കൃഷ്ണലാൽ എന്ന 33കാരന്‍റെ ജീവൻ കവരാനേ വാഹനാപകടത്തിന് കഴിഞ്ഞുള്ളൂ. പക്ഷേ, ആ ജീവന്‍റെ മിടിപ്പ് ഈ ഭൂമിവിട്ട് എങ്ങും പോകില്ല. ആ ഹൃദയത്തുടിപ്പുകൾ അരുൺ ഷാജിയുടെ ജീവനിലൂടെ ഇനിയും തുടരും. മറ്റ് അഞ്ച് പേരിലും അവൻ ജീവനായി തുടിക്കും.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ഒരുവാതിൽക്കൽ സ്വദേശി കൃഷ്ണലാലി (33)ന്‍റെ ഹൃദയമാണ് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആറ് മണിക്കൂർ ശസ്ത്രക്രിയയിലൂടെ കുമരകം കുന്നത്തുകളത്തിൽ അരുൺ ഷാജിയുടെ ശരീരത്തിൽ ചേർത്തത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ശനിയാഴ്ച കൃഷ്ണലാലിന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ ബന്ധുക്കൾ അവയവദാനത്തിന് സമ്മതിച്ചു. ഹൃദയം കോട്ടയം മെഡിക്കൽ കോളജിന് ലഭിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒന്നിലേറെ ഹൃദയ ശസ്‌ത്രക്രിയ നടത്തിയ അരുൺ ഷാജിയെ ഡോക്‌ടർമാർ വിളിച്ചുവരുത്തി. ഇവിടുത്തെ തന്നെ ഹൃദയ ശസ്‌ത്രക്രിയ വിഭാഗത്തിലെ താൽക്കാലിക ജോലിക്കാരൻ കൂടിയായ അരുണിന് മുമ്പ് വാൽവ് മാറ്റിവെക്കാനും ഹൃദയ വലിപ്പം ഉണ്ടാകാനുമായി രണ്ട് ശസ്‌ത്രക്രിയ നടത്തിയിരുന്നു.
മൃതസഞ്ജീവനി നോഡൽ ഓഫിസർ ഡോ. ഉണ്ണികൃഷ്ണന്‍റെ നിർദേശാനുസരണം കോഡിനേറ്റർമാരായ ജിമ്മി ജോർജും നീതു പി തോമസും പുലർച്ചെ തന്നെ മെഡിക്കൽ കോളജിലെത്തി. വകുപ്പ് മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറുമായി ചർച്ച നടത്തിയശേഷം ഡോ. അരവിന്ദ് പി രാമൻ, ജിമ്മി ജോർജ് എന്നിവർ തിരുവനന്തപുരത്തിന് പുറപ്പെട്ടു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.55ന് ഹൃദയം വഹിച്ച ഹെലി ആംബുലൻസ് കോട്ടയം പൊലീസ് ഗ്രൗണ്ടിലിറങ്ങി. സഹകരണ ദേവസ്വം മന്ത്രി വി.എൻ വാസവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്സ്, ഡോ. ഉണ്ണികൃഷ്ണൻ എന്നിവരും ഗ്രൗണ്ടിലെത്തി.
ഹൃദയം അടങ്ങിയ ഓർഗൺ കാരിയർ ബാഗുമായി നേരേ കോട്ടയം മെഡിക്കൽ കോളജിലേക്ക്. ഗ്രൗണ്ട് മുതൽ മെഡിക്കൽ കോളജ് വരെ പൊലീസിനെ വിന്യസിച്ച് റോഡ് ഗതാഗതം നിയന്ത്രിച്ചതിനാൽ അഞ്ച് മിനിറ്റുകൊണ്ട് ഹൃദയം ശസ്ത്രക്രിയ ടേബിളിലെത്തിച്ചു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ഡോ. ടി.കെ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സർവസജ്ജരായി കാത്തുനിൽക്കുകയായിരുന്നു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ആറു മണിക്കൂറെടുത്ത് പൂർത്തിയാക്കിയ ശസ്ത്രക്രിയയുടെ പുരോഗതി തിങ്കളാഴ്ച പുലർച്ചയോടെ അറിയാം.
ഹൃദയത്തിനു പുറമെ കൃഷ്ണലാലിന്‍റെ രണ്ട് വൃക്കകളും കരൾ, കണ്ണുകൾ എന്നിവയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും നൽകി.
ശസ്ത്രക്രിയ സംഘത്തിൽ ഡോക്ടർമാരായ നിധീഷ് ചൂരിയിൽ, അരവിന്ദ് പി. രാമൻ, മനൂപ്, ടി.ബി നൗഫൽ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മഞ്ജുഷ എൻ. പിള്ള, ടെക്നീഷ്യന്മാരായ രാഹുൽ, ദീപു, ദേവിക, പെർഫ്യൂഷനിസ്റ്റ് വിഷ്ണു, ഫാത്തിമ, നഴ്സുമാരായ സുജേഷ്, ലിനു, സലിൻ, അനിജ, സൗമ്യ എന്നിവരുമുണ്ടായിരുന്നു. കേരള സ്റ്റേറ്റ് ഓർഗൺ ആന്‍റ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ- സോട്ടോ)യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്.
വെൽഡിങ് തൊഴിലാളിയായിരുന്ന കൃഷ്ണലാൽ ഏപ്രിൽ ഒന്നിന് രാത്രി ഒൻപത് മണിയോടെ സൈക്കിളിൽ കടയിലേക്ക് പോകുന്നതിനിടെ ഒരുവാതിൽ കോട്ട എസ് വളവിൽ കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണലാലിനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ നാലിന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

