കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികളെ തടഞ്ഞെന്നു പരാതി; ഒരാൾക്ക് സസ്പെൻഷൻ
text_fieldsകോട്ടയം: പള്ളിക്കത്തോട് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്പർക്ക പരിപാടിക്കെത്തിയ പാമ്പാടി മന്നം ബാലസമാജത്തിലെ കുട്ടികളെ വിദ്യാർഥികൾ തടഞ്ഞതിനെച്ചൊല്ലി വിവാദം. സംഭവത്തിൽ സ്റ്റുഡന്റ്സ് കൗൺസിൽ ജനറൽ സെക്രട്ടറി എം. വിപിനെ ഡയറക്ടർ സസ്പെൻഡ് ചെയ്യുകയും സ്റ്റുഡന്റ്സ് കൗൺസിലിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം.
ഡയറക്ടർ സണ്ണി ജോസഫ് ബാലസമാജത്തിലെ കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ വിദ്യാർഥികൾ എത്തി തടയുകയായിരുന്നു എന്നാണ് ആക്ഷേപം. എന്നാൽ തങ്ങൾ കുട്ടികളെ തടഞ്ഞില്ലെന്നും കൂടെയുണ്ടായിരുന്ന മുതിർന്നവരോട് ക്ലാസിലിരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ചെയർപേഴ്സൻ ജോഷ്ന കെ. ജോയ് പറഞ്ഞു. ഇത്തരം പരിപാടി നടക്കുമ്പോൾ വിദ്യാർഥികളെ നേരത്തെ അറിയിക്കാറുണ്ട്. ഇത്തവണ അറിയിക്കാതിരുന്നത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
അതേസമയം, എല്ലാ ശനിയാഴ്ചകളിലും പൊതുജനങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ അനുമതിയുണ്ടെന്നും അതിന് വിദ്യാർഥികളുടെ അനുമതി ആവശ്യമില്ലെന്നുമാണ് ഡയറക്ടറുടെ വിശദീകരണം. മുൻകൂർ അനുമതി വാങ്ങിയാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. സമുദായ സംഘടന ആയതിന്റെ പേരിൽ അവരെ വിലക്കാനാവില്ല. പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിപിനെ സസ്പെൻഡ് ചെയ്തതായും ഡയറക്ടർ അറിയിച്ചു. എന്നാൽ സസ്പെൻഷൻ നടപടി അംഗീകരിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

