Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കഷായം എന്നു പറഞ്ഞാൽ...

'കഷായം എന്നു പറഞ്ഞാൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം'; രാഹുൽ ഈശ്വറിന് മറുപടിയുമായി കെ.ആർ.മീര

text_fields
bookmark_border
കഷായം എന്നു പറഞ്ഞാൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം; രാഹുൽ ഈശ്വറിന് മറുപടിയുമായി കെ.ആർ.മീര
cancel

തിരുവനന്തപുരം: കൊലപാതകത്തെ ന്യായീകരിച്ചുവെന്ന രാഹുൽ ഈശ്വറിന്റെ പരാതിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ.മീര. ടോക്സിക്കായ പുരുഷന്മാർക്ക് കഷായം കൊടുക്കണമെന്ന് പറഞ്ഞത് വളച്ചൊടിച്ചുവെന്നും ആയുവർവേദ മരുന്നുകൾ നൽകാനാണ് ഉദ്യേശിച്ചതെന്നും കെ.ആർ.മീര ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

"ബന്ധങ്ങളിൽ വളരെ 'ടോക്സിക് 'ആയി പെരുമാറുന്ന പുരുഷൻമാർക്ക് 'ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും' എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണെന്നു പരാതിക്കാരനു മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിൽസാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു". കെ.ആർ.മീര പറയുന്നു.

ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് എസ്ക്യൂസബിൾ ആയ കുറ്റങ്ങൾ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടായെന്ന് മാത്രമാണു താൻ പറഞ്ഞത്. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറക്കാൻ പുരുഷൻമാർ മുൻകൈയെടുത്ത് ഉത്തമ കാമുകൻമാർ ആകണം എന്നു മാത്രമേ അതിന് അർത്ഥമുള്ളൂവെന്നും മീര പറയുന്നു.

ക്രൂരമായ വിവിധ കുറ്റകൃത്യങ്ങൾ ചെയ്തവരെ വെള്ള പൂശാൻ 'ക്വട്ടേഷൻ' എടുത്തയാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു 'പുരുഷനാണ്' തനിക്കെതിരെ പരാതി നൽകിയെതന്നും അവർ ഫേസ്ബുക്കിൽ കുറിക്കുന്നു.

കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ കെ.ആർ.മീര നടത്തിയ പരാമർശത്തിനെതിരെ രാഹുൽ ഈശ്വർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു.

'ഇക്കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ള നിങ്ങളൊരു കാരണവശാലും സതിയനുഷ്ടക്കരുത് എന്നാണ്. ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാൽ പോലും. ഞാന്‍ കരുതുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോവാനുള്ള സ്വാതന്ത്ര്യമില്ലാതായാല്‍ ചിലപ്പോള്‍ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുകയെന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്'. എന്ന് തുടങ്ങിയ പരാമർശമാണ് വിവാദമായത്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റവലിൽ വെച്ചാണ് ഇങ്ങനെയൊരു പരാമർശമുണ്ടാകുന്നത്.

ഷാരോൺ വധക്കേസിലെ പ്രതിയെ ന്യായീകരിച്ചുവെന്നാണ് രാഹുൽ ഈശ്വർ പരാതിയിൽ പറയുന്നത്.

കെ.ആർ.മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ക്രൂരമായ ക്വട്ടേഷൻ റേപ്പ്, പലതരം ലൈംഗികാതിക്രമങ്ങൾ, ക്രൂരമായ സ്ത്രീപീഡനങ്ങൾ എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്തവരെ വെള്ള പൂശാൻ 'ക്വട്ടേഷൻ' എടുത്തയാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു 'പുരുഷൻ' എനിക്ക് എതിരേ പോലീസിൽ പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയതായി അറിയുന്നു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യപൌരത്വത്തിനുവേണ്ടി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണു ഞാൻ.

കോഴിക്കോട്ടുവച്ചു നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റവലിൽ, മലയാളിയുടെ പ്രണയസങ്കൽപ്പങ്ങളിലുള്ള ഋതുഭേദങ്ങളെക്കുറിച്ചു പുതിയ തലമുറയിലെ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്താണ് പ്രസ്തുത ലൈംഗികാതിക്രമ അനുകൂലി എനിക്കെതിരേ പരാതിപ്പെടുന്നത്.

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പ്, ഇലക്ടോണിക് മീഡിയ വഴി obscene materials പ്രചരിപ്പിക്കുന്നതു തടയാനുള്ളതാണ്. Obscene എന്ന വാക്കിന്റെ അർത്ഥം 'ലൈംഗിക വികാരങ്ങൾക്കു പ്രേരകമായത്' ( lascivious) എന്നാണെന്നു സാധാരണനിഘണ്ടുവും നിയമനിഘണ്ടുവും വിശദീകരിക്കുന്നു.

എന്റെ സംഭാഷണത്തിലെ ഏതു വാക്കാണു പരാതിക്കാരനു ലൈംഗികതാപ്രേരകമായത് എന്നു വ്യക്തമാക്കിയിട്ടില്ല.

ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് ‘excusable or justifiable’ ആയ കുറ്റങ്ങൾ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടാ എന്നു മാത്രമാണു ഞാൻ പറഞ്ഞത്. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുരുഷൻമാർ മുൻകയ്യെടുത്ത് ഉത്തമ കാമുകൻമാർ ആകണം എന്നു മാത്രമേ അതിന് അർത്ഥമുള്ളൂ.

ഇങ്ങനെയൊരു പരാമർശം സ്ത്രീകൾക്കും പുരുഷൻമാർക്കും ഇടയിൽ സ്പർധയും കലാപവും ലഹളയും ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. എന്റെ വാക്കുകൾ കേട്ടു കേരളത്തിലെവിടെയെങ്കിലും സ്ത്രീകളും പുരുഷൻമാരും ഗ്രൂപ്പു തിരിഞ്ഞു ലഹളയുണ്ടാക്കിയതായി റിപ്പോർട്ടുകളൊന്നും ഇല്ല.

പരാതിക്കാരൻ ദിവസേനെയന്നോണം വിവിധ ഇലക്ട്രോണിക് മാധ്യമങ്ങളിലും പ്ലാറ്റ്ഫോമുകളിലുമായി നടത്തുന്ന പ്രഖ്യാപനങ്ങളും വെല്ലുവിളികളും കുറ്റകൃത്യന്യായീകരണങ്ങളും ഏതൊക്കെ വകുപ്പു പ്രകാരമുള്ള കുറ്റകൃത്യങ്ങളാണെന്ന് പരാതിക്കാരന്റെ പരാതി തിരിച്ചിട്ടാലോചിച്ചാൽ വ്യക്തമാണ്.

കൊലക്കുറ്റത്തെ ഞാൻ ന്യായീകരിച്ചെന്നു പരാതിക്കാരൻ പ്രചരിപ്പിക്കുന്നതു വസ്തുതാവിരുദ്ധവും മന:പൂർവമായി എന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമാണ്. എന്റെ സംഭാഷണത്തിൽ ഒരിടത്തും ഞാൻ കൊലക്കുറ്റത്തെയോ കുറ്റകൃത്യങ്ങളെയോ ന്യായീകരിച്ചിട്ടില്ല.

ബന്ധങ്ങളിൽ വളരെ 'ടോക്സിക് 'ആയി പെരുമാറുന്ന പുരുഷൻമാർക്ക് 'ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും' എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണെന്നു പരാതിക്കാരനു മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിൽസാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.

പറയുന്നതെല്ലാം വളച്ചൊടിച്ചു സമൂഹത്തിൽ എനിക്കെതിരേ സ്പർദ്ധയും ശത്രുതയും വളർത്താനുള്ള പരാതിക്കാരന്റെ ശ്രമം, സ്ത്രീപീഡനത്തിനു ക്വട്ടേഷൻ കൊടുത്തയാളിന്റെ വിശ്വസ്തരുടെ സൌഹൃദക്കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ 'സാഹിത്യ' ക്വട്ടേഷനാണോ അതോ ഞാൻ കാരണം എല്ലാത്തരത്തിലും അസ്വസ്ഥരായ വലതുപക്ഷക്കാരുടെ 'രാഷ്ട്രീയ' ക്വട്ടേഷൻ ആണോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ. ഇക്കാര്യത്തിലാണ് ഒരു അന്വേഷണം വേണ്ടത്."



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KLFRahul EaswarK.R. Meera
News Summary - K.R. Meera responds to Rahul Easwar
Next Story