ഗൗരിയമ്മയുടെ ചിതാഭസ്മം അന്ധകാരനഴി കടപ്പുറത്ത് നിമജ്ജനം ചെയ്തു
text_fieldsചേർത്തല: അന്തരിച്ച ജെ.എസ്.എസ് നേതാവും വിപ്ലവനായികയുമായ കെ.ആർ. ഗൗരിയമ്മയുടെ ചിതാഭസ്മം ജന്മനാടായ അന്ധകാരനഴിയിൽ കടലിൽ നിമജ്ജനം ചെയ്തു. കുടുംബവീടായ കളത്തിൽപറമ്പിൽ വീട്ടിൽ അടുത്ത ബന്ധുക്കൾ ഒത്തുചേർന്നാണ് ചടങ്ങുകൾ നടത്തിയത്.
ഗൗരിയമ്മയുടെ എട്ട് സഹോദരങ്ങളുടെ മക്കളും ചെറുമക്കളും അടക്കമുള്ള ബന്ധുക്കൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങിൽ പങ്കെടുത്തു. രാവിലെ 10.30ന് കടപ്പുറത്തെത്തിച്ച ചിതാഭസ്മം ഗൗരിയമ്മയുടെ സഹോദരീപുത്രിയായ ബീനയുടെ മക്കളായ ഡോ. അരുൺ, ഡോ. അഞ്ജന എന്നിവർ ചേർന്നാണ് നിമജ്ജനം ചെയ്തത്. എ.എം. ആരിഫ് എം.പിയും പങ്കെടുത്തു.
മേയ് 11നാണ് ഗൗരിയമ്മ അന്തരിച്ചത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കരിച്ചശേഷം ചാത്തനാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം നാലുമാസത്തിനുശേഷമാണ് നിമജ്ജനം ചെയ്യുന്നത്. മാതാപിതാക്കളായ കെ.എ. രാമെൻറയും പാർവതിയമ്മയുടെയും എല്ലാ സഹോദരങ്ങളുടെയും ചിതാഭസ്മം അന്ധകാരനഴി കടപ്പുറത്താണ് ഒഴുക്കിയത്.