ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചു; നിരാശ നൽകി മടക്കി
text_fieldsആലപ്പുഴ: 'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും'. 1987ൽ കേരളത്തിൽ അലയടിച്ച മുദ്രാവാക്യമായിരുന്നു ഇത്. ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് ഭംഗ്യന്തരേണ പറഞ്ഞവരിൽ വി.എസ്. അച്യുതാനന്ദനും പി.കെ. വാസുദേവൻ നായരും ഉണ്ടായിരുന്നു. ഗൗരിയമ്മ മത്സരിച്ച അരൂർ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിലാണ് അവരുടെ സാന്നിധ്യത്തിൽ ജനങ്ങൾക്ക് ഇൗ പ്രതീക്ഷ നൽകിയത്.
എന്നാൽ, അതേ വേദിയിൽതന്നെ ഗൗരിയമ്മ തെൻറ സ്വതസിദ്ധമായ ശൈലിയിൽ അത് തിരുത്തുകയും ചെയ്തു. പാർട്ടിയിൽ ഭരണപാടവവും നയനൈപുണ്യവും തെളിയിച്ച നേതാവെന്ന നിലയിൽ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കുന്നത് സ്ത്രീകൾ ഉൾപ്പെടെ വലിയ ജനവിഭാഗത്തിെൻറ പിന്തുണ പാർട്ടിക്ക് ഉണ്ടാകുമെന്ന് വിശ്വസിച്ച നേതാക്കളും ഏറെയായിരുന്നു. പുറമെ പറഞ്ഞില്ലെങ്കിലും ഗൗരിയമ്മയും പ്രചാരണത്തിൽ വിശ്വസിച്ചിരുന്നത്രെ.
എന്തായാലും പാർട്ടിയുടെ തീരുമാനവും ഇ.എം.എസിനെ പോലുള്ള നേതാക്കളുടെ നിലപാടുകളും ഗൗരിയമ്മക്ക് ആ കസേരയിൽ എത്തുന്നതിന് തടസ്സമായി. മോഹിപ്പിച്ചശേഷം തട്ടിമാറ്റിയ അധികാരസ്ഥാനെത്തക്കുറിച്ച് പിന്നീട് ഗൗരിയമ്മ വാചാലയായിട്ടില്ല. എങ്കിലും കേരളീയ സമൂഹം കേരളത്തിെൻറ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.ആർ. ഗൗരിയമ്മ വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഗൗരിയമ്മ വന്നാൽ പാർട്ടിക്ക് അതീതമായ നിലപാടുകളിലേക്കും തീരുമാനങ്ങളിലേക്കും പോകുമെന്നും അത് വലിയ അച്ചടക്കരാഹിത്യ പ്രശ്നമായി മാറുമെന്നും കരുതിയ ഇ.എം.എസിനപ്പോലുള്ളവരുടെ തീരുമാനങ്ങളായിരുന്നു ഗൗരിയമ്മക്ക് വിനയായത്.
ഗൗരിയമ്മക്കൊപ്പം അതേ സമുദായത്തിൽപെട്ട സുശീല ഗോപാലനെ കേന്ദ്ര കമ്മിറ്റിയിലേക്കും പിന്നീട് സംസ്ഥാന മന്ത്രിസഭയിലും എത്തിച്ചതിന് പിന്നിലും പാർട്ടിയുടെ തന്ത്രപരമായ നിലപാടായിരുന്നു. ''താൻ മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചതുതന്നെ പി. കൃഷ്ണപിള്ളയുടെ നിർബന്ധം കൊണ്ടാണ്'' -ഗൗരിയമ്മയുടെ അഭിപ്രായം ഇതായിരുന്നു.