Begin typing your search above and press return to search.
exit_to_app
exit_to_app
KR Gouri Amma Maharajas political grandmother
cancel
Homechevron_rightNewschevron_rightKeralachevron_rightവിടവാങ്ങിയത്​...

വിടവാങ്ങിയത്​ മഹാരാജാസിന്‍റെ രാഷ്ട്രീയമുത്തശ്ശി; ഒരു പഴയ ഇന്റർമീഡിയറ്റുകാരിയുടെ മഹാരാജാസ് സ്മരണകൾ

text_fields
bookmark_border

1937-38 കാലഘട്ടം. മഹാരാജാസ് കോളേജിന്‍റെ പ്രൗഢഗംഭീരമായ മെയിന്‍ഹാളില്‍ ഒരു യാത്രയയപ്പ് സമ്മേളനം നടക്കുന്നു. ബ്രിട്ടീഷുകാരനായ പ്രിന്‍സിപ്പല്‍ എച്ച്.ആര്‍. മില്‍സാണ് അധ്യക്ഷന്‍. രാജകുടുംബാംഗങ്ങളും കൊച്ചി രാജ്യത്തെ ഉദ്യോഗസ്ഥപ്രമുഖരും അടക്കം പ്രൗഢമായ സദസ്. ഒരു ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിക്കായിരുന്നു സ്വാഗതഗാനം ആലപിക്കേണ്ടതിന്റെ ചുമതല. ഇത്രയും വലിയ സദസിന് മുന്നിലേക്ക് ആദ്യമായെത്തുന്നതിന്റെ പേടിയിലും ആശങ്കയിലും വിറയ്ക്കുകയായിരുന്നു ആ വിദ്യാര്‍ഥിനി. ബോധം കെട്ട് വീഴുമോ എന്നു പോലും ശങ്കിക്കേണ്ട അവസ്ഥ.

ഒടുവില്‍ സ്വാഗതഗാനത്തിന്റെ സമയമെത്തി. വിറയ്ക്കുന്ന കാലടികളോടും വിയര്‍ക്കുന്ന കൈത്തലത്തോടും കൂടി ആ വിദ്യാര്‍ഥിനി മെയിന്‍ഹാളിലെ ഉയര്‍ന്ന വേദിയിലേക്കുള്ള പടവുകള്‍ കയറി. വേദിയിലേക്ക് വിശിഷ്ടാതിഥികളെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നത് കോളേജിന് തൊട്ടു മുന്നിലെ ഇര്‍വിന്‍ പാര്‍ക്കില്‍ നിന്നുള്ള ചെമ്പനീര്‍പൂക്കളുടെ ദളങ്ങള്‍ കൊണ്ടുള്ള പൂമെത്തയായിരുന്നു. ആ പൂമെത്തയില്‍ കാല്‍ സ്പര്‍ശിച്ച മാത്രയില്‍ അവളുടെ ഭയം പോയ്മറഞ്ഞു.


ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖഭാവത്തോടും ഉറച്ച കാലടികളോടുമാണ് ആ കുട്ടി സദസിനെ അഭിമുഖീകരിച്ചത്. പ്രൗഢമായ ആ സദസിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് അവള്‍ ഒരു മാത്രയൊന്ന് ശങ്കിച്ചു. 'മാന്യമഹാജനങ്ങളേ....'. ആ സ്വാഗതഗാനത്തിന് ലഭിച്ച ഹര്‍ഷാരവത്തിന്റെ ഓര്‍മ ഇന്നും പഴയ ഇന്റര്‍മീഡിയറ്റുകാരിയുടെ മനസില്‍ നിന്നും പോയിട്ടില്ല. പിന്നീടൊരിക്കലും അത്തരമൊരു സദസിന് മുന്നില്‍ അവള്‍ അങ്ങനെ പാടിയിട്ടുമില്ല. എന്നാല്‍ ഏറെ വൈകാതെ ആ വാക്കുകള്‍ക്കായി കേരളം കാതോര്‍ത്തു നിന്നു. ഈ നാടിന്റെ ഭാവിഭാഗധേയത്തില്‍ കയ്യൊപ്പു പതിപ്പിക്കാനായിരുന്നു ആ കുട്ടിയുടെ നിയോഗം.

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ പിന്നീട് പുതിയ അധ്യായങ്ങളും വഴിത്തിരിവുകളും സൃഷ്ടിക്കുകയായിരുന്നു ആ ഇന്റര്‍മീഡിയറ്റുകാരി. കെ.ആര്‍. ഗൗരി എന്ന് കോളേജ് രേഖകളില്‍ പതിഞ്ഞുകിടക്കുന്ന കേരളത്തിന്റെ പ്രിയപ്പെട്ട കെ.ആര്‍. ഗൗരിയമ്മ. 1936-38 കാലഘട്ടത്തില്‍ ചരിത്രം ഐഛികമായി ഇന്റര്‍മീഡിയറ്റിന് പഠിച്ച ഗൗരിയമ്മയുടെ മനസില്‍ മഹാരാജാസ് ഇന്നും ഹരിതഭംഗിയാര്‍ന്ന സ്മരണയാണ്. മഹദ്‌വ്യക്തിത്വങ്ങളായ അധ്യാപകരും പ്രതിഭകളായ വിദ്യാര്‍ഥികളും 92-ാം വയസിലും ഗൗരിയമ്മയുടെ മനസില്‍ നിഴലുകളല്ല, സജീവമായ നിറപ്രതീകങ്ങളാണ്.

വിവിധ കാലഘട്ടങ്ങളിലായി മഹാരാജാസിന്റെ അകത്തളങ്ങളിലൂടെ കടന്നു പോയ തന്റെ പിന്‍മുറക്കാര്‍ക്ക് മുന്നില്‍ ഗൗരിയമ്മ ഓര്‍മകളുടെ വാതില്‍ തുറന്നു. ആലപ്പുഴയിലെ വസതിയില്‍ 2010 നവംബര്‍ രണ്ടിനായിരുന്നു ആ കൂടിക്കാഴ്ച. ആധുനിക കേരളത്തിന്റെ യുഗസംക്രമണങ്ങള്‍ക്ക് സാക്ഷിയായ ഗൗരിയമ്മ ഒന്നര മണിക്കൂറോളമാണ് തന്റെ മഹാരാജാസ് സ്മരണകളിലൂടെ കടന്നു പോയത്.

കൊച്ചിക്കാരിയായി മാറിയ കെ.ആര്‍. ഗൗരി

തിരുവിതാംകൂറുകാരിയായ കെ.ആര്‍. ഗൗരിക്ക് ഇന്റര്‍മീഡിയറ്റിന് പഠിക്കണമെങ്കില്‍ സാധാരണ ഗതിയില്‍ തിരുവനന്തപുരത്തെ വിമന്‍സ് കോളേജിലേ ചേരാന്‍ കഴിയുമായിരുന്നുള്ളൂ. ചങ്ങനാശ്ശേരിയിലെ സെന്റ് ബര്‍ക്ക്മാന്‍സ് കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. കൊച്ചി രാജ്യത്തെ മഹാരാജാസ് കോളേജില്‍ പ്രവേശനത്തിന് മുന്‍ഗണന കൊച്ചിക്കാര്‍ക്ക്. മട്ടാഞ്ചേരി പനയപ്പള്ളിയില്‍ താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടുവിലാസത്തിലാണ് ഗൗരിയമ്മ മഹാരാജാസ് കോളേജില്‍ അപേക്ഷ നല്‍കിയത്. കണക്കിനും സയന്‍സിനും നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും പ്രവേശനം ലഭിച്ചത് ഹിസ്റ്ററിയും ലോജിക്കും ഉള്‍പ്പെട്ട തേര്‍ഡ് ഗ്രൂപ്പിന്.


സാരിയായിരുന്നു വിദ്യാര്‍ഥിനികളുടെ അന്നത്തെ കോളേജ് വേഷം. ആണ്‍കുട്ടികള്‍ക്ക് മുണ്ടും ഷര്‍ട്ടും. ആദ്യമായി സാരിയുടുക്കുന്നത് മഹാരാജാസില്‍ പോകാനായിരുന്നെന്ന് ഗൗരിയമ്മ ഓര്‍ക്കുന്നു. പനയപ്പിള്ളിയിലെ കുഞ്ഞമ്മയുടെ വീട്ടില്‍ നിന്നാണ് ആദ്യത്തെ ദിവസം കോളേജിലേക്ക് പോയത്. സാരിയുടുക്കല്‍ രാവിലെ ഏഴിന് തുടങ്ങി. ഒരു ലേഡി ഡോക്ടറാണ് സാരി ഉടുക്കാന്‍ സഹായിച്ചത്. ഒമ്പതരയായിട്ടും സാരി ഉടുക്കല്‍ വേണ്ടതു പോലെ പൂര്‍ത്തിയായില്ല. ഒടുവില്‍ അച്ഛന്റെ വഴക്കു കേട്ടാണ് കോളേജിലേക്ക് യാത്ര തിരിച്ചത്. ശീലമില്ലാതിരുന്നതിനാല്‍ സാരി മുന്‍വശത്ത് കുറച്ച് പൊക്കിപ്പിടിച്ചായിരുന്നു നടപ്പ്. ആ നടപ്പായി പിന്നീട് ശീലം. ഇപ്പോഴും അതു തന്നെ.

കോളേജിന് ലേഡീസ് ഹോസ്റ്റലുണ്ടായിരുന്നെങ്കിലും ഗൗരിയമ്മ താമസിച്ചത് സദനം ഹോസ്റ്റലിലാണ്. ഇന്നത്തെ കോണ്‍വെന്റ് ജംഗ്ഷന് സമീപമായിരുന്നു സദനം ഹോസ്റ്റല്‍. അവിടെ നിന്ന് കോളേജില്‍ കൊണ്ടുവിടാനും വൈകിട്ട് ട്യൂഷന് കൊണ്ടുപോകാനും കുട്ടിച്ചേട്ടനെന്നൊരു റിക്ഷാക്കാരനുണ്ടായിരുന്നു. കൈ കൊണ്ട് വലിക്കുന്ന റിക്ഷ.

മുപ്പതുകളിൽ മഹാരാജാസ്

ഓരോ അണുവിലും ഗാംഭീര്യം തുളുമ്പുന്നതായിരുന്നു മുപ്പതുകളിലെ മഹാരാജാസ് കോളേജെന്ന് ഗൗരിയമ്മ പറയുന്നു. നടുമുറ്റത്ത് വലിയൊരു മാവുണ്ടായിരുന്നു. അന്നത്തെ കോളേജ് കുമാരന്‍മാരുടെ താവളവും ആ മാവിന്‍ചുവടു തന്നെ. ബോട്ടുജട്ടിയില്‍ നിന്നും ലേഡീസ് ഹോസ്റ്റലില്‍ നിന്നും കോളേജിലേക്ക് വരുന്ന പെണ്‍കുട്ടികള്‍ക്ക് അകമ്പടി സേവിക്കാന്‍ അന്നും കോളേജ് കുമാരന്‍മാര്‍ക്ക് കുറവില്ലായിരുന്നെന്ന് ഗൗരിയമ്മയുടെ സാക്ഷ്യം.

വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊച്ചി രാജകുടുംബാംഗങ്ങളായ തമ്പുരാന്‍ കുട്ടികള്‍ക്ക് പ്രത്യേക പദവിയായിരുന്നു. ക്ലാസ് തുടങ്ങിയ ശേഷമാണ് അവര്‍ എത്തുക. ക്ലാസിന് ശേഷം പ്രത്യേക മുറിയിലാണ് ഇരിപ്പ്. കോട്ടും സ്യൂട്ടുമൊക്കെ അണിഞ്ഞാണ് തമ്പുരാന്‍കുട്ടികള്‍ മുന്‍നിരയിലെ കസേരകളില്‍ ഇരിക്കുക. അധ്യാപകരും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.അധ്യാപകർ

പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍, പ്രൊഫ. കെ.ജെ. അഗസ്റ്റിന്‍, കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, ജി. ശങ്കരക്കുറുപ്പ്, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, പ്രൊഫ. പി.എസ്. വേലായുധന്‍ എന്നിവരൊക്കെയായിരുന്നു ഗൗരിയമ്മയുടെ മഹാരാജാസിലെ അധ്യാപകപ്രമുഖര്‍. ഓരോരുത്തരെക്കുറിച്ചും ഒരുപാടോര്‍മകള്‍. കെ.ജെ. അഗസ്റ്റിന്റെ വത്സലശിഷ്യയായിരുന്നു ഗൗരി. പ്രിന്‍സിപ്പല്‍ സായിപ്പിന്റെ തനി ആംഗലേയത്തിലുള്ള ക്ലാസുകള്‍ ആദ്യമൊക്കെ ഗൗരിയെ വലച്ചു. അഗസ്റ്റിന്‍ സാറിന്റെ പുല്ലേപ്പടിയിലെ വസതിയില്‍ വൈകിട്ട് ട്യൂഷന്‍ ഏര്‍പ്പാടാക്കിയതോടെയാണ് അതിന് പരിഹാരമായത്. സാറിന്റെ ഭാര്യ ചേര്‍ത്തല മനക്കോടത്തുകാരിയായതിനാല്‍ നേരത്തെ കുടുംബങ്ങള്‍ തമ്മില്‍ പരിചയവുമുണ്ടായിരുന്നു.

കെ.ജെ. അഗസ്റ്റിന്റെ ഇംഗ്ലീഷ് ക്ലാസ് ഗൗരിയമ്മക്ക് ഏറെ പ്രിയമായിരുന്നു. അഗസ്റ്റിന്‍ സാര്‍ ഷേക്‌സ്പിയര്‍ നാടകം പഠിപ്പിക്കുമ്പോള്‍ ആ നാടകത്തിലെ കഥാപാത്രങ്ങള്‍ മുന്നില്‍ അവതരിക്കുന്നത് പോലെ തോന്നും. മര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തില്‍ പോര്‍ഷ്യ നടത്തുന്ന വിചാരണയുടെ ഭാഗം പ്രൊഫ. ഹഡ്‌സനെ ഉദ്ധരിച്ച് അഗസ്റ്റിന്‍ സാര്‍ പറയുന്നത് ഇന്നും ഗൗരിയമ്മക്ക് മനഃപാഠം. ക്ലാസിക്കല്‍ ഇംഗ്ലീഷില്‍ ആ വാചകങ്ങള്‍ ഉരുവിടുമ്പോള്‍ കേരളത്തിന്റെ ഈ രാഷ്ട്രീയ നായികക്ക് പഴയ ഇന്റര്‍മീഡിയറ്റുകാരിയുടെ ഭാവം.

ചങ്ങമ്പുഴ

ചങ്ങമ്പുഴയുടെ 'രമണന്‍' കേരളത്തെ ഇളക്കിമറിക്കുകയായിരുന്നു അന്ന്. മഹാരാജാസും ആ വരികളില്‍ ആവേശം കൊള്ളുന്ന കാലം. ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് എഴുതിയതെന്നറിയാമെങ്കിലും അതാരാണെന്ന് വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷത്തിനും അറിയില്ല.

ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പുകാര്‍ക്ക് മലയാളം ക്ലാസ് ഒന്നിച്ചാണെടുത്തിരുന്നത്. ഒരിക്കല്‍ കുറ്റിപ്പുറത്ത് കേശവന്‍ നായരുടെ ക്ലാസ്. പഴയകാല കവികളെ കുറിച്ചാണ് ക്ലാസെങ്കിലും സമകാലീന കവികളിലേക്കു കൂടി വ്യാപരിക്കുകയായിരുന്നു കുറ്റിപ്പുറം. രമണനും സ്വാഭാവികമായും ചര്‍ച്ചാവിഷയമായി. പെട്ടെന്നായിരുന്നു കുറ്റിപ്പുറത്തിന്റെ ചോദ്യം. 'നിങ്ങളിലാരെങ്കിലും ചങ്ങമ്പുഴയെ കണ്ടിട്ടുണ്ടോ ?'. ഇല്ലെന്നായിരുന്നു ഉത്തരം. 'കാണണോ' എന്ന കുറ്റിപ്പുറത്തിന്റെ അടുത്ത ചോദ്യത്തിന് ഗൗരിയമ്മ അടക്കമുള്ള വിദ്യാര്‍ഥികള്‍ ആര്‍ത്തുകൊണ്ടാണ് വേണമെന്ന് മറുപടി പറഞ്ഞത്.


പിന്നിലേക്ക് കൈ ചൂണ്ടി കുറ്റിപ്പുറം പറഞ്ഞു. 'എടോ കൃഷ്ണപിള്ളേ താനൊന്ന് എഴുന്നേല്‍ക്ക്'. വെളുത്ത് ഉയരമുള്ള, തലമുടി അലക്ഷ്യമായി നെറ്റിയിലേക്കിട്ട, ഷാള്‍ പുതച്ച ഒരു വിദ്യാര്‍ഥി എഴുന്നേറ്റു നിന്നു. 'ഇതാണ് ചങ്ങമ്പുഴ' എന്ന കുറ്റിപ്പുറത്തിന്റെ പ്രഖ്യാപനം ആ ക്ലാസിനെ മാത്രമല്ല മഹാരാജാസിനെ തന്നെ ഇളക്കി മറിച്ചു. ചങ്ങമ്പുഴയെ കാണുകയായി പിന്നീട് വിദ്യാര്‍ഥികളുടെ ഹോബി. ആരാധികമാരെ ഒട്ടും നിരുത്സാഹപ്പെടുത്താതിരുന്ന ചങ്ങമ്പുഴയുടെ സൗന്ദര്യോപാസനയ്ക്ക് പരിധിയില്ലായിരുന്നെന്ന് ഗൗരിയമ്മ ചെറുചിരിയോടെ ഓര്‍ത്തെടുക്കുന്നു. (അതൊന്നും അധികം എഴുതേണ്ടെന്ന് പറയാനും ചങ്ങമ്പുഴയുടെ സഹപാഠി മറന്നില്ല).

സഹപാഠികൾ

സ്റ്റാന്‍ലി, ഡേവിഡ്, മാത്യു, സരോജിനി, പത്മിനി, സുഭദ്ര, ഭാര്‍ഗവി, ദാക്ഷായണി - പലരും ഇപ്പോഴില്ല. മിക്കവാറും എല്ലാവരുമായും കോളേജ് കാലത്തിനു ശേഷവും ബന്ധം പുലര്‍ത്തിയിരുന്നതായി ഗൗരിയമ്മ പറയുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും കല്യാണത്തിനൊക്കെ ക്ഷണം വരും. പോകുകയും ചെയ്യും. പവിഴം മാധവന്‍ നായര്‍, ഹൈക്കോടതി ജഡ്ജിയായി മാറിയ ജസ്റ്റിസ് പി. ജാനകിയമ്മ തുടങ്ങിയവരും അക്കാലത്ത് കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു.

ഒന്നിലേറെ ഹോസ്റ്റലുകളുണ്ടായിരുന്നു അന്ന്. ജാതി തിരിച്ചായിരുന്നു ഹോസ്റ്റല്‍. തിയ്യ ഹോസ്റ്റല്‍, ക്രിസ്ത്യന്‍ ഹോസ്റ്റല്‍, ഗവണ്‍മെന്റ് ഹോസ്റ്റല്‍, വൈ.ഡബ്ല്യു.സി.എ ഹോസ്റ്റല്‍ എന്നിങ്ങനെ.. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭണം ശക്തിപ്രാപിച്ചപ്പോള്‍ പോലീസ് വേട്ടയില്‍ നിന്നും രക്ഷപ്പെടാന്‍ കൊച്ചിയിലേക്ക് കടന്ന ടി.വി. തോമസും പുന്നൂസും മറ്റും ഒളിച്ചു താമസിച്ചത് ക്രിസ്ത്യന്‍ ഹോസ്റ്റലിലാണ്. ടി.വിയുടെ സഹോദരി ട്രീസാമ്മ അക്കാലത്ത് മഹാരാജാസിലെ വിദ്യാര്‍ഥിനിയായിരുന്നു.

ജീവിതസഖാവിനെ ആദ്യമായി കണ്ടത് മഹാരാജാസില്‍ വച്ചാണെന്ന് മുന്‍പൊരിക്കല്‍ ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. ടി.വിയേയും ട്രീസാമ്മയേയും കുറിച്ച് ഇപ്പോഴും ഗൗരിയമ്മ പറഞ്ഞു. പാര്‍വതി അയ്യപ്പന്‍, അമ്പാടി കാര്‍ത്യായനിയമ്മ എന്നിവരുമായി ഗൗരിയമ്മ അടുത്തിടപഴകുന്നതും മഹാരാജാസിലെ പഠനകാലത്താണ്.


രാഷ്ട്രീയം

മഹാരാജാസില്‍ രാഷ്ട്രീയം ചര്‍ച്ചാവിഷയമായിരുന്നെങ്കിലും ഇന്റര്‍മീഡിയറ്റുകാരിലേക്ക് അത്രയ്ക്കങ്ങ് വ്യാപിച്ചിരുന്നില്ല. മഹാരാജാസിലെ പഠനം കഴിഞ്ഞ് ബിരുദത്തിന് സെന്റ് തെരേസാസില്‍ ചേര്‍ന്നപ്പോഴാണ് ഗൗരിയമ്മ തിരുവിതാംകൂറിലെ തിളച്ചുമറിയുന്ന രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് കടക്കുന്നത്. തിരുവിതാംകൂറിലെ സമരഭടന്‍മാര്‍ക്ക് പിന്തുണയുമായി വടക്കു നിന്നും എ.കെ.ജിയുടെ നേതൃത്വത്തിലെത്തിയ ജാഥക്ക് സ്വീകരണം നല്‍കാന്‍ പോയ തിരുവിതാകൂറുകാരായ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ഗൗരിയമ്മയുമുണ്ടായിരുന്നു. ഇര്‍വിന്‍ പാര്‍ക്കില്‍ എ.കെ.ജി പങ്കെടുത്ത യോഗത്തിന് ബ്രോഡ്‌വേയില്‍ സംഭാവന പിരിക്കാനും ഗൗരിയമ്മ മുന്നിട്ടിറങ്ങി.

തെന്നിത്തെറിച്ചു കിടക്കുകയാണ് ഗൗരിയമ്മയുടെ മഹാരാജാസ് സ്മരണകള്‍. അനന്തവും വിപുലവുമായ ഓര്‍മക്കൂട്ടുകള്‍ക്കും രാഷ്ട്രീയാനുഭവങ്ങള്‍ക്കുമിടയില്‍ മഹാരാജകീയ കലാലയത്തെ കേരളത്തിന്റെ ഈ നേതാവ് നെഞ്ചോടു ചേര്‍ക്കുന്നു.

(മഹാരാജാകീയത്തിനായി Nijas Jewel 2010 നവംബറിൽ നടത്തിയ അഭിമുഖം)

Show Full Article
TAGS:KR Gouri Amma Maharajas College 
News Summary - KR Gouri Amma Maharajas political grandmother
Next Story