കെ.എസ്.യു കൂട്ടത്തല്ല്: സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയെന്ന് കെ.പി.സി.സി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: നെയ്യാർഡാമിൽ നടന്ന കെ.എസ്.യു സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ലിന്റെ പൂർണ ഉത്തരവാദിത്വം കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കാണെന്ന് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ നേതൃത്വത്തിലെ സമിതി റിപ്പോർട്ട് പ്രസിഡന്റ് കെ. സുധാകരന് കൈമാറി. ക്യാമ്പിലെ അച്ചടക്കലംഘനങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. അന്വേഷണ സമിതിയുമായി കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ സഹകരിച്ചില്ലെന്നും സമിതി ക്ഷണിച്ചിട്ടും മൊഴി നൽകാൻ എത്താതിരുന്നത് ധാർഷ്ട്യമാണെന്നും റിപ്പോർട്ടിലുണ്ട്. നെടുമങ്ങാട് ഗവ. കോളജിലെ കെ.എസ്.യു സംഘടന ചുമതലയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
രാത്രി കലാപരിപാടിക്കിടെ തുടങ്ങിയ വാക്കുതർക്കം ആർക്കും നിയന്ത്രിക്കാനാകാത്ത കൂട്ടത്തല്ലിൽ കലാശിച്ചു. കൃത്യസമയത്ത് ഇടപെട്ട് നിയന്ത്രിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. അച്ചടക്കലംഘനം നടത്തിയ എല്ലാവർക്കുമെതിരെ കർശനനടപടി വേണം. ജില്ല, സംസ്ഥാനതലത്തിലെ ജംബോ കമ്മിറ്റി സംഘടനയുടെ അടിത്തറ തകർത്തു. കമ്മിറ്റി തെരഞ്ഞെടുപ്പിൽ സൂക്ഷ്മത വേണം. കോൺഗ്രസ് ഭിന്നതയിൽ കെ.എസ്.യു പ്രവർത്തകൾ കക്ഷി ചേരേണ്ടതില്ല. സംഘടന സംവിധാനത്തിൽ സമൂല മാറ്റം വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

