യു.ഡി.എഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം; ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ്
text_fieldsസണ്ണി ജോസഫ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേരളജനത ഗൗരവത്തിലെടുത്തതിനെ തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സ്വര്‍ണക്കൊള്ളക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടികള്‍ ജനം ഏറ്റെടുത്തു.
സ്വര്‍ണക്കൊള്ളയില്‍ തുടരന്വേഷണം സര്‍ക്കാര്‍ മരവിപ്പിച്ചു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം ഇതുവരെ വീണ്ടെടുത്തിട്ടില്ല. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സി.പി.എം നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം മന്ത്രിമാരുടെ പങ്കു വ്യക്തമാണെങ്കിലും അവരിലേക്ക് അന്വേഷണം കടന്നില്ല. പ്രതികളെ ഇപ്പോഴും മുഖ്യമന്ത്രിയും സി.പി.എമ്മും സംരക്ഷിക്കുകയാണ്. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയെടുക്കാന്‍ പോലും സി.പി.എം തയാറായിട്ടില്ല. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തില്ല. ഇതിന്റെയെല്ലാം പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടായി.
ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കൈവശമുണ്ടായിരുന്ന തദ്ദേശസ്ഥാപനങ്ങളിലാണ് യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തിയത്. കഴിഞ്ഞതവണ എല്‍.ഡി.എഫിന് 200ലേറെ പഞ്ചായത്തില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു. 60ലേറെ ബ്ലോക്ക് പഞ്ചായത്തുകളിലും കണ്ണൂര്‍ ഒഴികെ എല്ലാ കോര്‍പറേഷനിലും എല്‍.ഡി.എഫിനായിരുന്നു മേല്‍കൈ. മൂന്ന് ജില്ല പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം നേടിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാറിനെതിരെ വ്യക്തമായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. സര്‍ക്കാറിന്റെ ഭരണപരാജയം തുറന്നുകാട്ടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്ന ഭരണവിരുദ്ധ വികാരം തുടരുന്നു. ധാര്‍ഷ്ട്യം, ധൂര്‍ത്ത്, അഴിമതി, ക്രിമിനലുകളെ സംരക്ഷിക്കുന്ന സി.പി.എം സമീപനം എന്നിവ തിരുത്താന്‍ മടിക്കുന്ന ഇടതു സര്‍ക്കാറിനുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. നിയമസഭയില്‍ പോലും ചര്‍ച്ച നടത്താതെ പഞ്ചായത്ത് നിയമത്തില്‍ ഭേദഗതി വരുത്തി അശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടത്തി.
വോട്ടര്‍പട്ടികയിലും വ്യാപകമായ ക്രമക്കേട് നടത്തി. തിരുവനന്തപുരത്ത് മുട്ടടയിലെ സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് വെട്ടിമാറ്റിയതിനെ തുടര്‍ന്ന് നിയമപോരാട്ടത്തിലൂടെയാണ് അത് പുനസ്ഥാപിച്ചത്. വോട്ടെടുപ്പ് ദിവസവും തുടര്‍ന്നും കണ്ണൂര്‍ ജില്ലയിലും മറ്റു ജില്ലകളിലും സി.പി.എം നടത്തിയ അക്രമത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും ഗുരുതര പരിക്കേറ്റു. ഇരട്ടവോട്ട്, കള്ളവോട്ട്, അശാസ്ത്രീയ വാര്‍ഡ് വിഭജനം എന്നിവയെല്ലാം അതിജീവിച്ചാണ് യു.ഡി.എഫ് ചരിത്ര വിജയം നേടിയത്. ഈ വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
വിജയാഘോഷത്തിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് മധുരം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

