ബി.ജെ.പിയിൽ ചേർന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷൻ; ‘കോൺഗ്രസ് കൂടെനിന്നില്ലെന്ന ആരോപണം മാധ്യമങ്ങൾ വിലയിരുത്തണം’
text_fieldsതിരുവനന്തപുരം: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ പിച്ചച്ചട്ടിയെടുത്ത് സമരം ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി ബി.ജെ.പിയിൽ ചേർന്നതിൽ പരിഹാസവുമായി കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. 'വീട് നിർമിച്ച് ഒരു പാർട്ടി നൽകി, എന്നീട്ട് വീട്ടിൽ താമസമാക്കി, അത് കഴിഞ്ഞ് വീട്ടിലെ കിണറ്റിൽ ഒരു പൂച്ച ചത്തു, ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു, അവസാനം വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു'-എന്നായിരുന്നു സണ്ണി ജോസഫിന്‍റെ പരിഹാസ മറുപടി.
ആപൽഘട്ടത്തിൽ കോൺഗ്രസ് കൂടെനിന്നില്ലെന്ന മറിയക്കുട്ടിയുടെ ആരോപണം മാധ്യമങ്ങൾ വിലയിരുത്തണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സർക്കാറിന്‍റെ ലൈഫ് പദ്ധതിയിലെ പോരായ്മകൾ നിയമസഭക്കുള്ളിലും പുറത്തും പ്രതിപക്ഷം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ലാത്തവരുടെ നിരവധി കേസുകൾ ബാക്കി നിൽക്കുകയാണ്. അതെല്ലാം പരിഹരിക്കണമെന്നാണ് കോൺഗ്രസും യു.ഡി.എഫും ആഗ്രഹിക്കുന്നതെന്നും ആ നിലയിൽ തന്നെ മുന്നോട്ടു പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇന്നലെ തൊടുപുഴയിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിലാണ് ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ പിച്ചച്ചട്ടിയെടുത്ത് സമരം നടത്തിയ അടിമാലി ഇരുപതേക്കർ സ്വദേശി മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചത്. ‘വികസിത കേരളം’ കൺവെൻഷന്‍റെ ഭാഗമായി ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് വേദിയിലുള്ള പ്രമുഖരെ സ്വാഗതം ചെയ്യുന്നതിനിടയിലാണ് മറിയക്കുട്ടി എത്തിയത്. അധ്യക്ഷത വഹിച്ച നോർത്ത് ജില്ലാ പ്രസിഡന്‍റ് പി.പി. സാനു മറിയക്കുട്ടിയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചു. സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയവരെ രാജീവ് ചന്ദ്രശേഖർ ഹാരമണിയിച്ചു. കൂട്ടത്തിൽ മറിയക്കുട്ടിയെയും സ്വീകരിച്ചു.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം മൺചട്ടിയും പ്ലക്കാഡുമേന്തി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈകോടതിയെയും സമീപിച്ചിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം യു.ഡി.എഫ് നേതാക്കൾ മറിയക്കുട്ടിയെ കാണാനെത്തി. സർക്കാറിനെതിരായി യു.ഡി.എഫ് വേദികളിൽ ഇവർ സാന്നിധ്യവുമായി. പിന്നീട് കെ.പി.സി.സി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും പ്രസിഡന്‍റ് കെ. സുധാകരൻ താക്കോൽ കൈമാറുകയും ചെയ്തു.
അടുത്തിടെയായി ബി.ജെ.പി പരിപാടികളിൽ മറിയക്കുട്ടി പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ പരിപാടികളിലും എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലും അവർ പങ്കെടുത്തെങ്കിലും പാർട്ടി പ്രവേശനത്തെ കുറിച്ച് സൂചന നൽകിയിരുന്നില്ല. തൊടുപുഴ പാപ്പുട്ടി ഹാളിൽ നടന്ന പരിപാടിയിൽ അപ്രതീക്ഷിതമായാണ് ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

