കെ.പി.സി.സി അധ്യക്ഷ കസേരക്ക് അവകാശവാദം: ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കരുതെന്നും പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കെന്നും രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ഇത്തവണ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിന് കത്തയച്ചു. ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേരത്തെ മോശം പരിഗണനയാണ് നൽകിയിട്ടുള്ളത്. പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കാണെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിന് അയച്ച കത്തിൽ പറയുന്നു.
നിലവിലെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പദവി ലക്ഷ്യമിട്ട് എം.പിമാരും മുതിർന്ന നേതാക്കളും നീക്കം സജീവമാക്കിയത്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി ഇത്തവണ രംഗത്തുണ്ട്. കെ.പി.സി.സി, ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തുമെന്നും സൂചന ലഭിക്കുന്നുണ്ട്.
അതേസമയം, കെ.പി.സി.സി അധ്യക്ഷ പദവിയെച്ചൊല്ലി കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്. കോഴിക്കോടും തൃശൂരിലും കോട്ടയത്തും സണ്ണി ജോസഫിനെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയും എം.പിയും എം.എൽ.എമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്.
കൊടിക്കുന്നിൽ സുരേഷ് എം.പിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നിൽ സുരേഷിന് ഉണ്ടെന്നാണ് വിവരം. വി.ഡി. സതീശന്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്നാണ് സൂചന.
അതേസമയം, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ എന്നിവരെയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെ തുടർന്നാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഒ.ജെ. ജനീഷ് മന്ത്രിയായതിനെ തുടർന്ന് പകരക്കാരനെ നിയമിക്കാനും സാധ്യതയുണ്ട്.
സർക്കാറിനോട് ഏറ്റുമുട്ടാതെ ചേർന്നുപോകുന്ന നേതൃത്വമായിരിക്കണം കെ.പി.സി.സിക്ക് എന്നതാണ് ഹൈക്കമാൻഡിന്റെ നിലപാട്. സർക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ വന്നാൽ ഭരണത്തെയും സംഘടനയെയും ബാധിക്കും. അതുകൊണ്ട് പ്രസിഡന്റിനെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് പ്രാധാന്യം ലഭിക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നു പേരുകളുയർന്നതും പാർട്ടി മൂന്നായി നിന്നതും ഹൈക്കമാൻഡിന് മുമ്പാകെയുണ്ട്. ഈ മുറിവുണക്കാൻകൂടി കഴിവുള്ള നേതൃത്വമായിരിക്കണം ഇനി വരേണ്ടതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

