സി.പി.എമ്മിെൻറ ലീഗ് പ്രശംസയ്ക്കിടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയിൽ
text_fieldsരാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ സി.പി.എമ്മിന്റെ മുസ്‍ലീം ലീഗ് പ്രശംസക്കിടെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ഇന്ന് കൊച്ചിയിൽ നടക്കും. നീണ്ട ഇടവേളയ്ക്കുശേഷമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നത്. രാഷ്ട്രീയകാര്യ സമിതി ചേരാത്തതിൽ പല നേതാക്കൾക്കും പരാതിയുണ്ടായിരുന്നു. ഇക്കാര്യം എ ഗ്രൂപ്പ് ഉന്നയിക്കുകയും ചെയ്തിരുന്നു.
വിഴിഞ്ഞം സമരം, ശശി തരൂർ വിവാദം, വിലക്കയറ്റം, സർവകലാശാല വിവാദം തുടങ്ങിയവയൊന്നും കോൺഗ്രസ് ചർച്ച ചെയ്തിട്ടില്ല. ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചപ്പോഴും രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നില്ല. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളാത്തതിലുള്ള അതൃപ്തി ഇന്നത്തെ യോഗത്തിൽ ഉയരുമെന്നുറപ്പാണ്. പുതിയ വിഷയമെന്ന നിലയിൽ സി.പി.എമ്മിന്റെ മുസ്‍ലീം ലീഗ് പ്രശംസയും ചർച്ചയാകും. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയുണ്ടെങ്കിലും പുതിയ നീക്കത്തിനുപിന്നിൽ വലിയ രാഷ്ട്രീയ നീക്കമുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും. ഇക്കാര്യം കെ. മുരളീധരനുൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു.
മാസം തോറും നടക്കേണ്ട രാഷ്ട്രീയകാര്യ സമിതി യോഗം അനിശ്ചിതമായി നീണ്ടുപോകുന്നതും വിമർശനത്തിനിടയാക്കുകയാണ്. നിലവിൽ യോഗം നടന്നിട്ട് അഞ്ചു മാസമായി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കെ. സുധാകരൻ ഡൽഹിയിലാണ്. നിയമസഭ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തുമാണ്. ഇവരുടെ എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണു യോഗം ഇന്നത്തേക്ക് മാറ്റിയത്.