കെ.പി.സി.സി നോമിനേഷൻ: സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കത്തിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളായി 50 പേരെക്കൂടി ഉൾപ്പെടുത്താനുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കത്തിന് തിരിച്ചടി. കരട് പട്ടിക ഹൈകമാൻഡിന്‍റെ അംഗീകാരത്തിന് സമർപ്പിച്ചെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവെച്ചു. പട്ടികക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഹൈകമാൻഡ് നടപടി.
വോട്ടവകാശമില്ലെങ്കിലും എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ 323 പേർക്ക് പുറമെ 50 ഓളം പേരെക്കൂടി കെ.പി.സി.സി അംഗങ്ങളായി നാമനിർദേശം ചെയ്യാൻ തീരുമാനിച്ചത്. കെ.പി.സി.സിയിൽ നിലവിലുള്ള മൊത്തം അംഗബലത്തിന്‍റെ 15 ശതമാനം ആളുകളെക്കൂടി നോമിനേറ്റ് ചെയ്യാമെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥപ്രകാരമായിരുന്നു ഇത്.
നേരേത്ത ഇത് 10 ശതമാനമായിരുന്നു. ഇതനുസരിച്ച് കരട് പട്ടിക തയാറാക്കി അടിയന്തര അംഗീകാരത്തിന് കഴിഞ്ഞദിവസം കേന്ദ്രനേതൃത്വത്തിന് കൈമാറി. എന്നാൽ, കൂടിയാലോചന നടത്താതെ സംസ്ഥാനനേതൃത്വം പട്ടികയുണ്ടാക്കി നൽകിയെന്നും അനർഹരെ വ്യാപകമായി പട്ടികയിൽ തിരുകിക്കയറ്റിയെന്നുമായിരുന്നു പരാതി. ഇതോടെ പട്ടികക്ക് അംഗീകാരം നൽകുന്നത് മാറ്റിവെച്ചു.
നിലവിലെ കെ.പി.സി.സി ഭാരവാഹികളിൽ ചിലർക്കും നിർവാഹക സമിതി അംഗങ്ങളിൽ ചിലർക്കും കെ.പി.സി.സി അംഗത്വമില്ല. ഈ ന്യൂനത പരിഹരിക്കുന്നതിനായി അങ്ങനെയുള്ളവരെയും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അനർഹർ കടന്നുകൂടിയതോടെ പട്ടികക്കെതിരെ വിവാദം ഉണ്ടായത് അവരുടെ സാധ്യതയും ഇല്ലാതാക്കി.
കെ.പി.സി.സി അംഗത്വ പട്ടിക ഹൈകമാൻഡ് അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് കെ.പി.സി.സി നേതൃത്വത്തിന് ഉണ്ടായിരുന്നത്. അതിനാൽ പട്ടികയിൽ ഉൾപ്പെട്ടവരെ ഫോണിൽ വിളിച്ച് എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുക്കാമെന്നും നേതൃത്വം അറിയിച്ചിരുന്നു. ഇതനുസരിച്ച് മിക്കവരും സമ്മേളനം നടക്കുന്ന റായ്പുരിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

