താഴേത്തട്ടിലെ പ്രശ്നങ്ങൾ ഇനി നേരിട്ട് കെ.പി.സി.സി പരിഗണിക്കില്ല
text_fieldsതിരുവനന്തപുരം: താഴേത്തട്ടിലെ പാർട്ടി പ്രശ്നങ്ങൾ ഇനി നേരിട്ട് കെ.പി.സി.സി പരിഗണിക്കില്ല. പരാതികളിൽ ആദ്യതീരുമാനം ബൂത്ത് പ്രസിഡന്റിന്റേതും അന്തിമതീരുമാനം കെ.പി.സി.സി പ്രസിഡന്റിന്റേതും ആയിരിക്കുമെന്ന് വ്യക്തമാക്കി സർക്കുലറും പുറത്തിറക്കി. പുതിയ നടപടിക്രമം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നേരിട്ട് കെ.പി.സി.സി പ്രസിഡന്റിനെ സമീപിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നും സർക്കുലറിലുണ്ട്.
പാർട്ടിയുടെ വിവിധ തലങ്ങളിലെ തർക്കങ്ങളും പരാതികളും നേരിട്ട് കെ.പി.സി.സി പ്രസിഡന്റിന്റെ മുമ്പാകെ എത്തിച്ച് പരിഹാരം കാണുന്ന പ്രവണത നിലവിലുണ്ട്. ഇത് കെ.പി.സി.സി പ്രസിഡന്‍റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലാണ് താഴേത്തട്ടിലെ പരാതി ആദ്യം ബൂത്ത് പ്രസിഡന്റിന് സമർപ്പിച്ച് പരിഹാരം തേടണമെന്ന് നിർദേശിച്ചത്.
ബൂത്ത് പ്രസിഡന്റിന്റെ തീരുമാനങ്ങളിൽ എതിരഭിപ്രായമുള്ളവർക്ക് മണ്ഡലം പ്രസിഡന്റിനെയും ആവശ്യമെങ്കിൽ പിന്നീട് ബ്ലോക്ക്, ഡി.സി.സി പ്രസിഡന്റുമാരെയും സമീപിക്കാം. ജില്ല ചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ചനടത്തി ഡി.സി.സി പ്രസിഡന്‍റ് പരാതിക്ക് പരിഹാരം നിർദേശിക്കണം. ഇതിലും പരിഹാരമായില്ലെങ്കിൽ മാത്രം കെ.പി.സി.സി പ്രസിഡന്റിനെ സമീപിക്കാം.