കോൺഗ്രസിൽ ഭിന്നത നിലനിൽക്കെ 13ന് അടിയന്തര കെ.പി.സി.സി യോഗം; അടൂർ പ്രകാശിന്റെ പരാതി പരിഹാരത്തിന് സമയമെടുക്കുമെന്ന് സണ്ണി ജോസഫ്
text_fieldsസണ്ണി ജോസഫ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് കണ്‍വീനറുടെ പരസ്യവിമർശനവും പരാതിയുമുൾപ്പെടെ വിവാദങ്ങൾ നിലനിൽക്കെ കെ.പി.സി.സി ഭാരവാഹികളുടെയും ജില്ല പ്രസിഡന്റുമാരുടെയും യോഗം ഈ മാസം 13ന് ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് യോഗം വിളിക്കാനുള്ള തീരുമാനം പ്രസിഡന്റ് സണ്ണി ജോസഫ് കൈക്കൊണ്ടത്. 13ന് വൈകീട്ട് മൂന്നിന് ഇന്ദിരാ ഭവനിലാണ് യോഗമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം പടനീക്കം ആരംഭിച്ചതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ.പി.സി.സി യോഗം വളരെ പ്രധാനപ്പെട്ടതാണ്. വി.ഡി. സതീശനെതിരായ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമര്‍ശനവും പരാതിയും, ബോര്‍ഡ്-കോര്പറേഷന് വിഹിതംവെപ്പ്, അധ്യക്ഷ നിയമനങ്ങളിലെ കാലതാമസം, കെ.പി.സി.സി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയായി തുടരുകയാണ്.
സർക്കാറിന്റെ അഞ്ച് മാസത്തെ പ്രവർത്തനങ്ങളും അടൂര്‍ പ്രകാശിന്റെ വിമര്‍ശനവും യോഗത്തിൽ മുഖ്യ ചര്‍ച്ചയാകും. മുഖ്യമന്ത്രിക്കെതിരെ പാർട്ടി ആസ്ഥാനത്ത് അടൂർ പ്രകാശ് വാർത്തസമ്മേളനം നടത്തിയതിൽ ഒരുവിഭാഗം കടുത്ത അസംതൃപ്തിയിലാണ്. വാർത്തസമ്മേളനം നടത്തിയ സ്ഥലം, സന്ദർഭം എന്നിവയോടൊന്നും യോജിക്കാൻ കഴിയില്ലെന്നാണ് സതീശനെ അനുകൂലിക്കുന്നവർ പറയുന്നത്. പരാതിയുണ്ടെങ്കിൽ വാർത്തസമ്മേളനം വിളിച്ചല്ല പറയേണ്ടതെന്നും പാർട്ടി വേദിയിലാണ് പറയേണ്ടതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ, അടൂർ പ്രകാശിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും കൂടിയാലോചനയുണ്ടാകുന്നില്ലെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ യോഗത്തിൽ വിഷയം രൂക്ഷമായ ചർച്ചക്ക് കാരണമാകാനാണ് സാധ്യത. പാര്‍ട്ടിയും സര്‍ക്കാറും തമ്മിലെ ഏകോപനം കാര്യക്ഷമമാക്കാന്‍ എത്രയുംവേഗം സമിതിക്ക് രൂപംനല്‍കണമെന്ന ആവശ്യവും നിലവിലുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും ബോര്‍ഡ്, കോര്പറേഷന് വീതംവെപ്പും അധ്യക്ഷർ ഉൾപ്പെടെയുള്ളവരുടെ നിയമനം നീളുന്നതിൽ പാർട്ടിയിൽ കടുത്ത അസംതൃപ്തിയുണ്ട്.
കഴിഞ്ഞ സർക്കാർ നിയോഗിച്ചവരാണ് ഇപ്പോഴും മിക്ക ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലുമുള്ളത്. ഘടകകക്ഷികള്‍ക്ക് കാബിനറ്റ് പദവികള്‍ ഉൾപ്പെടെ നല്കിയപ്പോള് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെയടക്കം തഴഞ്ഞെന്നും കാര്യമായ കൂടിയാലോചനകൾ നടന്നില്ലെന്നുമുള്ള പരിഭവവുമുണ്ട്. ഈ വിഷയവും ചർച്ചയാകും. സംഘടനാ പുനഃസംഘടന ഉൾപ്പെടെ കാര്യങ്ങളും കെ.പി.സി.സി യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
അടൂർ പ്രകാശിന്റെ പരാതി പരിഹാരത്തിന് സമയമെടുക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരമുണ്ടാകാൻ സമയമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഹൈകമാൻഡ് സമരമുഖത്താണ്.
മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവരെല്ലാം പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയാണ്. ഈ സാഹചര്യത്തിലാണ് സമയമെടുക്കുമെന്ന് താൻ പറയുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുമ്പ് കെ.പി.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിലാണ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതൃപ്തി തുറന്നു പറഞ്ഞത്. പിന്നാലെ തന്റെ പരാതി ഹൈകമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അറിയിച്ചിരുന്നു.
സംഭവത്തിൽ അടൂർ പ്രകാശിനോട് താൻ വിവരം തേടിയിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഡൽഹിയിൽ വെച്ചാണ് വിവരം തേടിയതെന്നും മാധ്യമങ്ങൾ ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രതികരിച്ചതെന്ന് അടൂർ പ്രകാശ് വിശദീകരിച്ചതായും സണ്ണി ജോസഫ് അറിയിച്ചു. മാധ്യമങ്ങൾ വാർത്ത ‘ഹൈലൈറ്റ്’ ചെയ്തതാണെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.
ഗ്യാനേഷ് കുമാറിനെതിരായ സമരമുഖത്ത് ഒന്നിച്ചു നിൽക്കുമ്പോൾ മറ്റു വിഷയങ്ങൾക്ക് പ്രസക്തിയില്ല. സമരവേദിയിലും അടൂർ പ്രകാശ് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് കെ.പി.സി.സി പ്രസിഡന്റ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

