കെ.പി.സി.സി നേതൃയോഗം 22ന്; 10 ജില്ലകളിലെങ്കിലും നേതൃത്വമാറ്റമുണ്ടായേക്കും
text_fieldsതിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം ചുമതലയേറ്റ പുതിയ നേതൃത്വത്തിന്റെ ആദ്യ നേതൃയോഗം 22ന് ഇന്ദിര ഭവനിൽ നടക്കും. നിലവിലെ കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി പ്രസിഡന്റുമാരും പങ്കെടുക്കും. നേതൃയോഗം ഞായറാഴ്ച ചേരാനായിരുന്നു ധാരണ. പിന്നീട്, 22ന് രാവിലെ 10ലേക്ക് മാറ്റി.
നിലവിലെ കെ.പി.സി.സി ഭാരവാഹികളിലും ഡി.സി.സി പ്രസിഡന്റുമാരിലും മാറ്റം വേണമെന്ന ഹൈക്കമാന്‍ഡ് നിർദേശം നിലനിൽക്കെയാണ് ഭാരവാഹികളുടെ യോഗം വിളിച്ചത്. ഭാരവാഹികളെ മുഴുവന്‍ മാറ്റിയശേഷം തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനസജ്ജരായ നേതാക്കളെ ഉള്‍പ്പെടുത്തി കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുമെന്നാണ് അറിയുന്നത്.
ഡി.സി.സി പ്രസിഡന്റുമാരിലും മാറ്റം വന്നേക്കും. 10 ജില്ലകളിലെങ്കിലും നേതൃത്വമാറ്റം വരുമെന്നാണ് വിലയിരുത്തൽ. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക സമര്‍പ്പിക്കാന്‍ പുതിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് എ.ഐ.സി.സി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ളത്. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും വിദേശത്തായതിനാല്‍ നടപടിക്രമങ്ങള്‍ നീളും.
എല്ലാവരുമായി ചര്‍ച്ച നടത്തി സാമുദായിക സമവാക്യങ്ങളും യുവത്വവും പരിചയസമ്പത്തും പരിഗണിച്ചാകും പുനഃസംഘടനക്കുള്ള പേരുകള്‍ നല്‍കുക. കെ.പി.സി.സി പ്രസിഡന്റായി സണ്ണി ജോസഫിനെ തീരുമാനിച്ചപ്പോഴും വര്‍ക്കിങ് പ്രസിഡന്റുമാരായി എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരെയും പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശുമെത്തി. ഇതേ മാതൃകയാകും ജില്ല നേതൃത്വത്തിലും സ്വീകരിക്കുകയെന്നാണ് വിവരം. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടുക എന്ന ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കാനുള്ള നടപടികളിലേക്ക് നേതൃത്വം ഉടൻ കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

