Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി അഴിച്ചുപണി: അണിയറയിൽ ചരടുവലികൾ

text_fields
bookmark_border
കെ.പി.സി.സി അഴിച്ചുപണി: അണിയറയിൽ ചരടുവലികൾ
cancel

തിരുവനന്തപുരം: മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും പുനഃസംഘടനക്കായി സജീവ ചരടുവലി. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫിന് പുറമെ വർക്കിങ് പ്രസിഡന്‍റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസഭയിലേക്കെത്തിയ സഹചര്യത്തിലാണ് സംഘടനയെ നയിക്കാൻ പകരക്കാരെ കുറിച്ച് ചർച്ചകൾ തുടങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ. ജനീഷ് മന്ത്രിയായതോടെ യുവജന സംഘടന തലപ്പത്തും മാറ്റംവരും.

കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴയ്ക്കൻ, ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിങ്ങനെ നിരവധി പേരുകൾ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് ഉയർന്നു കേൾക്കുന്നു. സീനിയോറിറ്റി, സാമുദായിക പ്രാതിനിധ്യം, മന്ത്രിസഭയിലെ സാമുദായിക സ്വഭാവത്തിന് അനുപൂരമാകും വിധമുള്ള ഘടകങ്ങൾ എന്നിങ്ങനെ നിരവധി പരിഗണനകൾക്ക് ശേഷമാകും അന്തിമ തീരുമാനം.

അവസാന നീക്കം വരെയും മുഖ്യമന്ത്രി സ്ഥാനത്തിന് പിടിമുറുക്കിയെങ്കിലും ഒടുവിൽ പദവി കൈവിട്ട സാഹചര്യത്തിൽ സംഘടനാപരമായി പിടിമുറുക്കാനുള്ള ശ്രമം കെ.സി. വേണുഗോപാൽ വിഭാഗം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സർക്കാറുമായി ഏറ്റുമുട്ടും വിധമുള്ള പാർട്ടി നേതൃത്വം പരിക്കേൽപ്പിക്കുമെന്ന മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടി പരിഗണന നൽകിയാകും പുനഃസംഘടന. പാർട്ടിയിലെ തലപ്പൊക്കം മുൻനിർത്തിയാണ് കൊടിക്കുന്നിൽ സുരേഷും ബെന്നി ബഹനാനും ആന്‍റോ ആന്‍റണിയും ജോസഫ് വാഴയ്ക്കനും കളത്തിലുള്ളത്. കൊടിക്കുന്നിലിനെ സംബന്ധിച്ച് പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ആരും ഇതേവരെ ഈ സ്ഥാനത്ത് വന്നില്ലെന്നതാണ് പരിഗണനകളിലെ പ്ലസ് പോയിന്‍റ്.

21 വര്‍ഷത്തിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരാള്‍ കെ.പി.സി.സി അധ്യക്ഷനായത് സണ്ണി ജോസഫിലൂടെയാണ്. 2004ല്‍ പി.പി. തങ്കച്ചനാണ് ഇതിനുമുമ്പ് പ്രസിഡന്‍റായത്. സ്വാഭാവികമായും സണ്ണി ജോസഫിന്‍റെ പിൻഗാമിയെ നിശ്ചയിക്കുമ്പോൾ ഈ പരിഗണനകളും നിർണായകമാണ്. ഇതിനിടയിലും ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയത്തിലാണ് വാഴയ്ക്കന്റെ പിടിവള്ളി. ജനകീയനായ യുവജന നേതാവ് എന്നതിനൊപ്പം കെ.സി. വേണുഗോപാലിന്‍റെ പിന്തുണയും ഷാഫിക്കുണ്ട്.

ആധികാരിക വിജയമുണ്ടായിട്ടും മുഖ്യമന്ത്രി നിർണയത്തിൽ അസാധാരണ ഗ്രൂപ്പ് ഇടപെടലുകളും സമ്മർദങ്ങളും ജനവിധിയുടെ ശോഭ കെടുത്തുംവിധം കാര്യങ്ങളെത്തിച്ചിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ ധാരണയുള്ള ഹൈകമാൻഡ് പ്രസിഡന്‍റ് നിർണയത്തിലും അനുബന്ധ പുനഃസംഘടനയിലും അനാവശ്യ ഗ്രൂപ്പ് നീക്കങ്ങൾക്ക് വഴങ്ങില്ലെന്നാണ് വിവരം. മാത്രമല്ല, മുഖ്യമന്ത്രി ചർച്ചകളെ തുടർന്നുണ്ടായ പരിക്ക് പരിഹരിക്കാൻ കഴിയുന്നവരാകും നേതൃത്വത്തിലുണ്ടാവുകയെന്നാണ് സൂചനകൾ. ഇതിനിടെ, ജനപ്രതിനിധികളായിരിക്കുന്നവർ വേണ്ടെന്നാണ് ഹൈകമാൻഡ് മാനദണ്ഡമെന്നും നിലവിൽ ഉയരുന്ന പേരുകൾ പലരും പടിക്ക് പുറത്താകുമെന്നും പറയുന്നു. ജനീഷ് ഒഴിയുന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിന്‍റെയും സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദിന്‍റെയും പേരുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCYouth Congress Kerala PresidentYouth CongressSunny JosephPolitics
News Summary - KPCC Dismantling: Strings Pulling Behind the Scenes
Next Story