Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് 'തലസ്ഥാന'മായി...

കോൺഗ്രസ് 'തലസ്ഥാന'മായി കോഴിക്കോട്

text_fields
bookmark_border
chintan shibir
cancel
camera_alt

കെ.പി.സി.സി ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തിയ ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും നേതാക്കളും അഭിവാദ്യം ചെയ്യുന്നു

Listen to this Article

കോഴിക്കോട്: പ്രമുഖരായ 200 പേർ അണിനിരക്കുന്ന ചിന്തൻ ശിബിരം നടക്കുന്ന കോഴിക്കോട് നഗരം രണ്ട് ദിവസത്തേക്ക് കോൺഗ്രസിന്‍റെ സംസ്ഥാന തലസ്ഥാനമായി മാറി. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുതൽ കെ.എസ്.യുവിന്‍റെ പ്രമുഖ നേതാക്കൾ വരെ 187 പേരാണ് ചിന്തൻ ശിബിരത്തിലുള്ളത്.

അച്ചടക്കത്തോടും സമയനിഷ്ഠയോടെയുമാണ് പരിപാടി. ചർച്ചകളും മറ്റും മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്ന് കർശന നിർദേശമുണ്ട്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. മൊബൈൽഫോണിനടക്കം നിയന്ത്രണമേർപ്പെടുത്തി. സേവാദൾ വളന്റിയർമാർ എല്ലായിടത്തും കണ്ണും ചെവിയും കൂർപ്പിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.

നേതാക്കന്മാരെ കാണാനും പരിചയപ്പെടാനും ഒത്തുകിട്ടിയാൽ സെൽഫിയെടുക്കാനും സാധാരണ പ്രവർത്തകർ എത്തുന്നുണ്ടെങ്കിലും ആസ്പിൻകോർട്ട് യാർഡിന്‍റെ വലിയ ഗേറ്റിന് മുന്നിൽ വെച്ച് വളന്റിയർമാർ സ്നേഹപൂർവം തിരിച്ചയക്കുകയാണ്. ശനിയാഴ്ച ഉദ്ഘാടന ചടങ്ങിന് ശേഷം ചിന്തൻ ശിബിരത്തിന്‍റെ ആശയങ്ങൾ പ്രതിനിധികൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ചു. ഉദയ്പുരിലെ ദേശീയ ചിന്തൻ ശിബിരത്തിൽ തീരുമാനിച്ച ഭാരത് ജോടോ (ഐക്യ ഭാരതം) യാത്രയെക്കുറിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രവർത്തക സമിതി അംഗവുമായ ദ്വിഗ്വിജയ് സിങ് വിശദീകരിച്ചു. ആഗസ്റ്റ് ഒമ്പത് മുതൽ 15 വരെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പാർട്ടിയുടെ കാൽനടപ്രചാരണ യാത്രയാണ് പരിപാടി.

സംഘടന, ഔട്ട് റീച്ച്, രാഷ്ട്രീയം, സാമ്പത്തികം, മിഷൻ 24 എന്നീ കമ്മിറ്റികളുടെ പാനൽ ചർച്ചകൾ ആദ്യദിനം പൂർത്തിയാക്കി. ഈ ചർച്ചകൾ ആറ് മണിക്കൂറിലേറെ നീണ്ടു.

ഓരോ കമ്മിറ്റിയിലെയും 40 ഓളം പേർ കൂടിയിരുന്ന്, ഉച്ചഭാഷിണി ഒഴിവാക്കിയാണ് ചർച്ച. രാത്രി വൈകിയാണ് കരട് പ്രമേയങ്ങൾ അതത് കമ്മിറ്റികളുടെ ചുമതലയിലുള്ളവർ അവതരിപ്പിച്ചത്.

ശിബിരം അംഗീകാരം നൽകുന്ന പ്രമേയങ്ങൾ ഞായറാഴ്ച രാവിലെ അവതരിപ്പിക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങൾ മെനയുന്ന മിഷൻ 24പ്രഖ്യാപനം വി.ഡി. സതീശൻ നടത്തും. ഉച്ചക്ക് രണ്ടിന് ജനറൽ അസംബ്ലിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചിന്തൻശിബിരത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിക്കും.

അരാഷ്ട്രീയവാദികളെ കാണാതെ പോകരുത്– ചെന്നിത്തല

കോഴിക്കോട്: ട്വന്‍റി20യും ആം ആദ്മിയും പോലുള്ള അരാഷ്ട്രീയ സംഘടനകൾ സംസ്ഥാന രാഷ്ട്രീയത്തിൽ തയാറെടുക്കുന്നത് കാണാതെ പോകരുതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് രമേശ് ചെന്നിത്തല.

സൈബര്‍ സംവിധാനങ്ങള്‍ വാരിക്കോരി ഉപയോഗിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുമാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയത്. സാഹചര്യങ്ങള്‍ അവര്‍ അനുകൂലമാക്കി. നമുക്കതിനു കഴിഞ്ഞില്ല.

അധികാരം ആരോടൊപ്പം, അവരോടൊപ്പം എന്ന അപകടകരമായ അവസ്ഥയിലാണ് കേരളം.

അധികാരം ലഭിക്കുന്നവരെ അധികാരം വല്ലാതെ ഭ്രമിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെപ്പോലും കൈവിട്ടു കളയാന്‍ അധികാരം ചിലരെ പ്രേരിപ്പിക്കുകയാണ്.

അരാഷ്ട്രീയ വാദികള്‍ അവസരം കാത്തിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനുള്ള കരുത്തും ആര്‍ജവവുമാണ് നേതൃത്വത്തിനു വേണ്ടതെന്നും വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.

പുതിയ പോരാട്ടങ്ങളുടെ തുടക്കം -താരിഖ് അൻവർ

കോഴിക്കോട്: രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാതെ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍.

കേരളത്തില്‍ നടക്കുന്ന നവ സങ്കല്‍പ് ചിന്തന്‍ ശിബിരം പല പുതിയ പോരാട്ടങ്ങളുടെയും തുടക്കമാവുമെന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്.

മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് കോണ്‍ഗ്രസ് നേതാക്കന്മാരെ നിരന്തരം വേട്ടയാടുകയാണ്. സാധാരണക്കാരുമായി അടുത്തിടപഴകി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്കാവണമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

വെല്ലുവിളികള്‍ അതിജീവിക്കണം- ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: സമാനതകളില്ലാത്ത വെല്ലുവിളികളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യവും നേരിടുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി.

ജനാധിപത്യ സംവിധാനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വെല്ലുവിളി നേരിടുന്നു. മതേതരത്വത്തിന്റെ അന്തഃസത്ത ചോദ്യം ചെയ്യപ്പെടുന്നു. അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിജ്ഞാബദ്ധരാണ്. അതിനുള്ള ദൃഢ പ്രതിജ്ഞ എടുത്തുകൊണ്ടു വേണം ചിന്തന്‍ ശിബിരം സമാപിക്കാന്‍. ഈ ശപഥം നിറവേറ്റാന്‍ ശിബിരത്തില്‍ പങ്കെടുക്കുന്ന ഓരോ നേതാവും പരിശ്രമിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcccalicutchintan shibir
News Summary - KPCC chintan shibir in calicut
Next Story