പ്രവർത്തന ഫണ്ട് സമാഹരണത്തിന് 138 രൂപ ചലഞ്ചുമായി കെ.പി.സി.സി
text_fieldsതിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 138ാം ജന്മദിനത്തിൽ പ്രവർത്തന ഫണ്ട് സമാഹരണത്തിനായി 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെ.പി.സി.സി. ജനുവരി 26 മുതൽ ഫണ്ട് സമാഹരണത്തിന് തുടക്കമാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
മാർച്ച് 26 വരെയാണ് ഫണ്ട് സമാഹരണം നടത്തുക. ഒരു ബൂത്തിൽ കുറഞ്ഞത് 50 പേരെ 138 രൂപ ചലഞ്ചിൽ പങ്കാളികളാക്കും. 138ന് മുകളിൽ എത്ര തുക വേണമെങ്കിലും കൊടുക്കാമെന്ന് കെ. സുധാകരൻ പറഞ്ഞു.
ഫണ്ട് സമാഹരണം വിപുലമായി നടത്താൻ കെ.പി.സി.സി തീരുമാനമെടുത്തിട്ടുണ്ട്. പതിനായിരക്കണക്കിനാളുകൾ സഹകരിക്കുമെന്നാണ് വിശ്വാസം. കെ.പി.സി.സിക്ക് ലളിതമായി പ്രവർത്തന ഫണ്ട് ഉണ്ടാക്കാനുള്ള മാർഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ വർഷം 137 രൂപ ചലഞ്ചിനായിരുന്നു കെ.പി.സി.സി ആഹ്വാനം ചെയ്തിരുന്നത്. 50 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ വിവാദങ്ങളുണ്ടായിരുന്നു.