മോദി ഭരണം: തിരിച്ചടിക്ക് സാധ്യതയെന്ന് കെ.പി. ഉണ്ണികൃഷ്ണൻ; ‘വടകരയിൽ ഷാഫി പറമ്പിൽ വലിയൊരു പ്രതീക്ഷയാണ്’
text_fieldsകോഴിക്കോട്: മോദി ഭരണത്തിന് തിരിച്ചടിക്ക് സാധ്യതയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ. വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫി പറമ്പിൽ വലിയൊരു പ്രതീക്ഷയാണ്. ജയിക്കുമെന്നുറപ്പാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ഒരു ചലനവും ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ജാതി സമവാക്യങ്ങൾ ബി.ജെ.പിക്ക് തിരിച്ചടി നൽകും. നിലവിലെ സാഹചര്യത്തിൽ യു.പി, ജാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വരുന്നമെന്നതിൽ സംശമില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിലവിൽ ഇ.ഡിയെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചടിയാകും. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതോടെ ഡൽഹിയിൽ മധ്യവർഗത്തിന്റെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കും. ആരാണ് പ്രധാനമന്ത്രിക്ക് ഇത്തരം നടപടി സ്വീകരിക്കാൻ ഉപദേശം നൽകുന്നതെന്നറിയില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബി.ജെ.പിയിലേക്ക് പോയത് കേരളത്തിൽ ബാധിക്കില്ല. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ ഇവരുടെ പേരുകൾ എൻ.ഡി.എ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

