'പാകിസ്താൻ മുക്ക് റോഡ്'; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വംശീയ അധിക്ഷേപവുമായി കെ.പി. ശശികല
text_fieldsകെ.പി.ശശികല, മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നവീകരിച്ച റോഡിന് പാകിസ്താൻ മുക്ക് എന്ന പേര് നിലനിർത്തിയതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വംശീയ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. 'സി.പി.എം ചായത്തിൽ വീണാലും സുഡാപ്പി സുഡാപ്പി തന്നെയല്ലേ' എന്ന അടിക്കുറിപ്പോടെ മന്ത്രി റിയാസിന്റെ ചിത്രമടങ്ങിയ പോസ്റ്റർ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചാണ് ശശികലയുടെ അധിക്ഷേപം.
കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ നവീകരിച്ച റോഡിനാണ് 'പാകിസ്താൻ മുക്ക്' എന്ന പേര് നിലനിർത്തിയത്. മേഖലയിലെ റോഡ് നിർമാണം ആദ്യഘട്ടത്തിൽ പ്ലാമുക്ക് വരെ പൂർത്തിയായപ്പോഴാണ് പുത്തൂർ- ഞാങ്കടവ്- പാകിസ്താൻ മുക്ക് എന്ന ബോർഡ് സ്ഥാപിച്ചത്.
നേരത്തെ, ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റോഡിന്റെ പേരുമാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. തുടർന്ന് പാകിസ്താൻ മുക്കിന്റെ പേര് മാറ്റാമെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ, നവീകരണം പൂർത്തിയായതോടെ അതേപേരിൽ തന്നെ ബോർഡ് ഉയരുകയായിരുന്നു. ഇതോടെ വിഷയം സംഘ്പരിവാർ ഏറ്റെടുക്കുകയും പൊതുമരാമത്ത് മന്ത്രിയുടെ പേര് നോക്കി വർഗീയ പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇതിന്റെ തുടർച്ചയായാണ് മന്ത്രിയെ രൂക്ഷമായി അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികലയും രംഗത്തെത്തിയത്.
കൊല്ലം – പത്തനംതിട്ട ജില്ലകളുടെയും അടൂർ- കുന്നത്തൂർ താലൂക്കുകളുടെയും കുന്നത്തൂർ - കടമ്പനാട് പഞ്ചായത്തുകളുടെയും അതിർത്തിയിലാണ് പാകിസ്താൻ മുക്ക് റോഡുള്ളത്. പതിറ്റാണ്ടുകളായുളള വിളിപ്പേരായത് കൊണ്ട് റോഡിന്റെ പേര് മാറ്റേണ്ടതില്ല എന്നാണ് തീരുമാനം.
സമാനമായ പേര് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലും ഇതേ പേരിലുള്ള റോഡ് നവീകരണം പൂർത്തിയായിരുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് ചെറ്റക്കടമുക്ക് - പാകിസ്താൻ മുക്ക് - കൊച്ചാലുംമൂട് റോഡാണ് നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

