‘സേവിക്കാൻ മുട്ടുന്നെങ്കിൽ സേവിച്ചോളൂ, സുവിശേഷവും കുരിശിൽ കേറ്റലുമൊന്നും വേണ്ടാ; നിങ്ങളുടെ ഗുഡ്ബുക്കിൽ കയറാൻ വിട്ടുവീഴ്ചക്ക് തയ്യാറല്ല’ -കെ.പി. ശശികല
text_fieldsകോഴിക്കോട്: ഛത്തീസ്ഗഢിൽ ക്രിസ്തുമത വിശ്വാസികൾക്ക് നേരെ സംഘ്പരിവാർ സംഘടനയായ ബജ്രംഗ്ദൾ പ്രവർത്തകർ വീണ്ടും ആക്രമണം അഴിച്ചുവിട്ടതിനെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല. കന്യാസ്ത്രീകളുടെ അറസ്റ്റിനെ മാമാങ്കമാക്കിയതോടെ ഇപ്പോൾ അവരെല്ലാം കൂടുതൽ ജാഗ്രതയോടെ പെരുമാറാൻ തുടങ്ങിയെന്നും മതം മാറ്റം അവസാനിപ്പിക്കാതെ ബഹളം കൂട്ടി നടന്നാലൊന്നും ഈ വിഷയം അവസാനിക്കില്ലെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.
‘സേവിക്കാൻ മുട്ടുന്നുണ്ടെങ്കിൽ സേവിച്ചോളൂ. പക്ഷേ അതിന്റെ ഒപ്പം പ്രാർഥനയും സുവിശേഷവും കുരിശിൽ കേറ്റലുമൊന്നും അകമ്പടി വേണ്ടാ. നിങ്ങളുടെ ഗുഡ്ബുക്കിൽ കയറാനായി മതംമാറ്റമടക്കമുള്ള അടിസ്ഥാന വിഷയങ്ങളിൽ വിട്ടുവീഴ്ചക്ക് ആരും തയ്യാറല്ല’ -ശശികല വ്യക്തമാക്കി.
മതംമാറ്റവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ആക്രമിക്കുകയും ജയിലിലടക്കുകയും ചെയ്തതിന്റെ വിവാദം കെട്ടടങ്ങുംമുമ്പാണ് വീണ്ടും ഛത്തീസ്ഗഢിൽ തന്നെ ക്രിസ്ത്യൻ പ്രാർഥനകൂട്ടായ്മക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം അരങ്ങേറിയത്. പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുമ്പോഴാണ് സംഘം എത്തിയത്. മതപരിവർത്തനം നടത്തുന്നുണ്ടെന്ന ആരോപണം ഉയർത്തി ബജ്റംഗ്ദൾ പ്രവർത്തകർ പ്രാർഥനക്കെത്തിയവരെ മർദിച്ചെന്ന് ഇവർ പരാതിപ്പെട്ടു.
എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന പ്രാർഥന യോഗത്തിനിടെയാണ് സംഘം ബഹളം വെച്ചത്. ഇരുപതോളം ബജ്രംഗ്ദൾ പ്രവർത്തകരാണ് എത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലും ബജ്രംഗ്ദൾ പ്രവർത്തകർ മർദിച്ചുവെന്ന് പാസ്റ്റർ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിലും ക്രിസ്ത്യൻ പുരോഹിതസംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികൻ, രണ്ട് കന്യാസ്ത്രീകൾ, ഒരു മതബോധകൻ എന്നിവർ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
തുടർന്ന് ഗ്രാമീണ സ്ത്രീകൾ കന്യാസ്ത്രീകളെ രക്ഷപ്പെടുത്തുകയായിരുന്നു. പുരോഹിതന്മാരെയും മതബോധകനെയും തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. മതപരിവർത്തനം നടത്തിയെന്ന് വ്യാജമായി ആരോപിച്ച് പുരോഹിതരിലൊരാളായ ഫാ. ലിജോയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് വൈദികർക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്നത് ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ സാധിക്കണമെന്നും അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവർക്ക് നേരെ ആക്രമണം നടന്ന ജബൽപൂരും ഛത്തീസ്ഗഡും സന്ദർശിച്ചപ്പോൾ അവിടെ എല്ലാവരും പേടിച്ചിരിക്കുകയാണെന്നും തങ്ങളെ ആക്രമിച്ചതിനെ കുറിച്ച് അധികം പറയരുതെന്ന് ഭയത്തോടെ പറഞ്ഞതാും അദ്ദേഹം വ്യക്തമാക്കി. ആരോടും മിണ്ടരുതെന്നും ഇത് പുറത്തറിഞ്ഞാൽ കൂടുതൽ ആക്രമണമുണ്ടാകുമെന്നുമുള്ള ഭയത്തിന്റെ അന്തരീക്ഷമാണ് അവിടെ. ഈ സാഹചര്യം ഒഴിവാക്കേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ് -മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശശികലയുടെ കുറിപ്പിന്റെ പൂർണരൂപം:
കന്യാസ്ത്രീകളുടെ അറസ്റ്റിനെ മാമാങ്കമാക്കിയവർക്ക് നന്ദി.
ഇപ്പോൾ അവരെല്ലാം കൂടുതൽ ജാഗ്രതയോടെ പെരുമാറാൻ തുടങ്ങി.
മതം മാറ്റം അവസാനിപ്പിക്കാതെ ബഹളം കൂട്ടി നടന്നാലൊന്നും ഈ വിഷയം അവസാനിക്കില്ല.
സേവിക്കാൻ മുട്ടുന്നുണ്ടെങ്കിൽ സേവിച്ചോളു
പക്ഷേ അതിൻ്റെ ഒപ്പം പ്രാർത്ഥനയും #സുവിശേഷവും കുരിശിൽ കേറ്റലുമൊന്നും അകമ്പടി വേണ്ടാ.
നിങ്ങളുടെ Good book ൽ കയറാനായി #മതംമാറ്റ മടക്കമുള്ള അടിസ്ഥാന വിഷയങ്ങളിൽ വിട്ടുവീഴ്ചക്ക് ആരും തയ്യാറല്ല.
നാട്ടിൽ സ്വസ്ഥതയുണ്ടാകാൻ
ക്രൈസ്തവ പുരോഹിതരേയും ഇസ്ലാമിക പുരോഹിതരേയും രക്ഷിക്കാൻ മോദിജി അങ്ങ് തന്നെ ഉത്സാഹിക്കണം
നോട്ടു നിരോധനം പോലെ
ഫോറിൻ ഫണ്ട് നിയന്ത്രിച്ച പോലെ
ആ 370 തോണ്ടി കടലിലിട്ട പോലെ
PFl യെ നിരോധിച്ചു പോലെ
ഈ മതം മാറ്റവും നിയമം മൂലം നിരോധിക്കണം
മതം മാറ്റം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പു വരുത്തണം''
ആ ശിക്ഷ ജനങ്ങൾ കൊടുക്കേണ്ടി വരുന്നത് അത്ര സുഖകരമല്ലല്ലോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

