'ക്ഷേത്ര നടയിൽ ബാങ്ക് വിളി തടയണം, അടുത്ത വർഷം മുതൽ പച്ചപ്പള്ളിയും ബാങ്കും നിസ്ക്കാരവും പാടില്ല'; കെ.പി.ശശികല
text_fieldsഗുരുവായൂർ: ക്ഷേത്ര നടയിൽ ബാങ്കുവിളിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അടുത്ത വർഷം മുതൽ പച്ചപ്പള്ളിയും ബാങ്കും നിസ്ക്കാരവും അമ്പലത്തിൽ ഉണ്ടാകില്ലെന്ന് നമ്മൾ തീരുമാനിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രനടയിൽ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ 'വാവർ പള്ളി'യുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ശശികലയുടെ വിമർശനം.
മതസഹോദര്യത്തിന്റെ പേരിൽ അയ്യപ്പൻ വിളക്കുകളിൽ ഇടംപിടിച്ച ഹൈന്ദവേതര പരിപാടികളും ചിഹ്നങ്ങളും പൂർണമായി വിലക്കണമെന്നാണ് ശശികല ചൂണ്ടിക്കാണിക്കുന്നത്.
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആർക്കും കുരു പൊട്ടിയില്ലെന്നും എന്നാൽ അതേ നടയിൽ ഇതിനൊപ്പം ഒരു കാവികൊടി കണ്ടാൽ നാട്ടിലെ സകലമാന 'ക്ഷുദ്രജീവികൾ'ക്കും മൂട്ടിൽ കൃമികടി തുടങ്ങിയേനെയും ശശികല ആക്ഷേപിക്കുന്നു.
ഇങ്ങനയേ അയ്യപ്പൻ വിളക്ക് നടത്താൻ കഴിയു എന്ന് ശാഠ്യമുള്ള വിളക്ക് സംഘങ്ങൾക്ക് നമ്മൾ സംഘടനകൾ വിലക്ക് പ്രഖ്യാപിക്കണമെന്നും പറ്റുമെങ്കിൽ മറ്റൊരു അയ്യപ്പൻ വിളക്ക് നടത്തണമെന്നും ശശികല പറഞ്ഞു.
ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്
"മമ്മിയൂർ ക്ഷേത്രനടയിൽ തലയുയർത്തി നില്ക്കുന്ന പച്ച പള്ളി !!
മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആർക്കും കുരു പൊട്ടിയില്ല !, എന്നാൽ അതേ നടയിൽ ഇതിനൊപ്പം വാഴപ്പിണ്ടി കൊണ്ട് കെട്ടുന്ന അയ്യപ്പ ക്ഷേത്രത്തിൽ ഒരു ചെറിയ കാവിക്കൊടിയോ കാവി അലങ്കാരമോ അല്ലെങ്കിൽ പള്ളിയിൽ കാട്ടിയ പോലെ കാവി താഴികക്കുടമോ വെച്ചിരുന്നെങ്കിൽ നാട്ടിലെ സകലമാന ക്ഷുദ്രജീവികൾ'ക്കും മൂട്ടിൽ കൃമികടി തുടങ്ങിയേനേ!
കൊല്ലം മുതുപ്പിലാക്കാട് ക്ഷേത്രത്തിനു മുൻപിൽ (അകത്തല്ല). ഇട്ട അത്തപൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് ഉണ്ടാക്കിയ പുകിലൊന്നും നാം മറന്നിട്ടില്ലല്ലോ?, ഇങ്ങനയേ അയ്യപ്പൻ വിളക്ക് നടത്താൻ കഴിയു എന്ന ശാഠ്യമുള്ള വിളക്കു സംഘങ്ങൾക്ക് നമ്മൾ സംഘടനകൾ വിലക്ക് തന്നെ പ്രഖ്യാപിക്കണം. മറ്റുള്ളവർ വിളിക്കുമായിരിക്കും വിളിക്കട്ടെ, പക്ഷേ നമ്മുടെ ഒരു സഹകരണവും ഉണ്ടാകരുത്.
പറ്റുമെങ്കിൽ വേണ്ടി വന്നാൽ മര്യാദക്കാരായ സ്വാമി ഭക്തരായ വിളക്കു സംഘക്കാരെ വിളിച്ച് സമാന്തരമായി മറ്റൊരു വിളക്ക് വേറൊരു ദിവസം നടത്തേണ്ടതിനെ പറ്റിയും ആലോചിക്കേണ്ടി വരും !, ഒരു നാട്ടിൽ രണ്ടു വിളക്ക് പാടില്ല എന്നൊന്നും ഇല്ലല്ലോ.
എന്തായാലും സംഗതി കൈവിട്ടുപോകും മുമ്പ് നാം പ്രതികരിക്കേണ്ടിയിക്കുന്നു. പഴയ കാലത്തും പള്ളിയുടെ രൂപത്തിൽ കെട്ടുമായിരുന്നു . ഇത്രയും അഹങ്കാരം അന്ന് അതിൽ കാട്ടിയിരുന്നില്ല
ഒരിക്കലും ബാങ്കും നിസ്ക്കാരവും നടത്തിയിരുന്നില്ല. ക്ഷേത്ര നടയിൽ വാങ്കുവിളിക്കുന്നവരെ നിർത്തിക്കുക തന്നെ വേണം. അടുത്ത വർഷം പച്ചപ്പള്ളിയും ബാങ്കും നിസ്ക്കാരവും അമ്പലത്തിൽ ഉണ്ടാകില്ല എന്ന് നമ്മൾ തീരുമാനിച്ചാൽ അത് നടപ്പിലാക്കാൻ നമുക്ക് കഴിയും കഴിയണം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

